ജാലകം chintha.com

Wednesday, January 2, 2013

എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും


എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും

അദ്ധ്യായം 1 - തിരുവഴിയാട്



"ഭാരതമെന്ന പേർ കേട്ടാൽ
അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.”

മാതൃരാജ്യം, നാട് എന്നൊക്കെ പറയുമ്പോൾ, എനിക്കെന്നും ഓർമ്മ വരുന്നത് മഹാകവി വള്ളത്തോളിന്റെ മനോഹരവും മഹത്തായതുമായ ഈ വരികളാണ്.
എന്റെ ദേശത്തെക്കുറിച്ച് എഴുതണമെന്നു തോന്നിയപ്പോൾ, "ഒരു ദേശത്തിന്റെ കഥ"യും (എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളും, ജ്ഞാനപീഠം അവാര്ഡ് ജേതാവുമായ, യശ:ശ്ശരീരനായ എസ്. കെ. പൊറ്റെക്കാടിന്റെ കൃതി) മനസ്സിലെത്തി.
എന്റെ ദേശം - എപ്പോഴെല്ലാം ആ സ്നേഹചകോരം, എന്റെ സ്നേഹനിധിയായിരുന്ന അമ്മയെപ്പോലെ, മനസ്സിൽ ചേക്കേറാൻ വരുന്നുവോ, അപ്പോഴെല്ലാം ഒരുപാട് ഗൃഹാതുരത്വമുളവാക്കുന്ന സ്മരണകളുമായി വരാറുണ്ട്. പ്രത്യേകിച്ച്, ഒരു നാല് പതിറ്റാണ്ടുകൾക്ക് മേലെയായി ഞാനൊരു മറുനാടൻ മലയാളി ആയതുകൊണ്ട്. അതിനുമുപരിയായി, ഒഴിവുസമയമാണെങ്കിൽ പറയേണ്ടതില്ല.- എല്ലാം ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ സ്മൃതിപഥത്തിൽ തെളിഞ്ഞുവരും. നാല് പതിറ്റാണ്ടുകൾ എന്നെഴുതിയപ്പോൾ, ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്: ശരിയാണോ? ആണല്ലോ. എന്നിട്ടും, ഞാൻ മലയാളിയാണെന്ന് എങ്ങിനെ മനസ്സിലായി എന്ന എന്റെ ചോദ്യത്തിന് എഡ്വിന് മെണ്ടേ എന്ന സുഹൃത്ത് പറഞ്ഞില്ലേ – “വൈ നോട്ട്? മ്യാപ്പ് ഓഫ് കേരള ഈസ് ഓണ് യുവര് ഫേസ്." അതെ, ഇന്നും, ഈ വര്ഷങ്ങളായുള്ള പ്രവാസജീവിതത്തിലും, വീട്ടിലെങ്കിലും ഡബിള് മുണ്ട് "ധരിക്കു"ന്ന, ബനിയനും അതിന്റെ പുറത്ത് തോര്ത്തും "ധരിക്കു"ന്ന ഒരു നാടന് മലയാളിയാണ് ഞാന് എന്ന് പറയുമ്പോള്, അകത്തും "മലയാളിത്തം" കാത്തു സൂക്ഷിക്കുന്ന ഒരു പാവം മലയാളിയാണ് ഞാനെന്നു നിങ്ങളും "ധരിക്കു"മെന്നു കരുതട്ടെ.
ഇങ്ങിനെ എഴുതിത്തുടങ്ങിയപ്പോൾ, പഴയ ഒരു രാജ് കപൂര് സിനിമയിലെ (ശ്രീ 420) ഒരു ഗാനം സമരണയിലോടിയെത്തുകയാണ്:
"മേരാ ജൂത്താ ഹേ ജാപാനി
യെഹ് പട്ലൂന് ഇന്ഗ്ലിഷ്സ്ഥാനി
സെര് പേ ലാല് ടോപി റൂസി
ഫിര് ഭി ദില് ഹേ ഹിന്ദുസ്ഥാനി"
(എന്റെ ചെരുപ്പുകള് ജാപാനീസ്, പാന്റ്സ് ഇംഗ്ലീഷ്, തലയിലെ ചുവന്ന തൊപ്പി റഷ്യൻ, എന്നാൽ എന്റെ ഹൃദയം ഭാരതീയൻ ആണ്.)
അതുപോലെ, ഞാൻ പറഞ്ഞുവന്നത് - എവിടെപ്പോയാലും, എത്രകാലമായാലും, ഞാൻ ഒരു ഭാരതീയനും, "മലയാളി"യും (മല്യാലി അല്ല) തന്നെയാണേ.
പുഴമ്പാലം; പ്രിയപ്പെട്ട പൂ ര് വി ക രു ടെ ആത്മാക്കൾ നിദ്രകൊള്ളുന്ന പുഴയുടെ തീരം; അവിടെനിന്നും കുറെ അങ്ങോട്ടുകടന്നാല് കാണുന്ന ഞാൻ പഠിച്ച വിദ്യാലയം (അന്നും ഇന്നും നാട്ടിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ മാധ്യമം, എന്നാൽ പ്രഗത്ഭരായ കുറെ വ്യക്തികളെ സമ്മാനിക്കുകയും സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മഹത്തായ സര്ക്കാര് വിദ്യാലയം); പഴയ YMA (Young Men's Association) ഓഫീസ്; കോഴിക്കാട് ഭഗവതിയുടെ മന്ദം; ഗണപതിയാംകോടം; കൂത്തുമാടം; പഴയ വായനശാല (എവിടെ നിന്നും ഞാൻ കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടിയോ ആ വായനശാല - ശ്രീധരനുണ്ണി കര്ത്താവിന്റെ മേല്നോട്ടത്തിലുണ്ടായിരുന്നത്);അതിന്റെ കോമ്പൌണ്ട് - എവിടെ ഞങ്ങൾ "ഇടക്കളി" (കണ്യാര്കളി/മലമക്കളിക്ക് മുമ്പേയുള്ള പരിശീലനം) അഭ്യസിച്ചുവോ ആ സ്ഥലം; നരസിംഹമൂര്ത്തി് അമ്പലം; അമ്പലക്കുളം; മാരിയമ്മൻ കോവിൽ; പുത്തൻകുളം; കോഴിക്കാട്ടു കാവ്; അങ്ങിനെ എല്ലാം എല്ലാം ഞാൻ ഇന്നെന്നപോലെ ഓര്ക്കാറുണ്ട്.


അദ്ധ്യായം 2 - പ്രകൃതിഭംഗി




തിരുവഴിയാട് - എന്റെ ദേശത്തിന്റെ പേരിനുതന്നെ എന്ത് ഭംഗിയാണെന്നോ? കാണുവാനോ? അതിലധികം. എടുത്തു പറയേണ്ട ഒരു ഹരിതാഭ. ഞാന്‍ പ്രകൃതിയുടെ ഒരാരാധകനാണ്. ഒരുപക്ഷേ , ക്രമേണ പ്രക്രുതിസംബന്ധമായ ചികിത്സകളുമായി ബന്ധപ്പെടാനുള്ള കാരണവും അതുതന്നെയാകണം.

പൊതുവായ വിഷയങ്ങള്‍ എഴുതുന്ന ഒരാളെന്ന നിലയ്ക്കും, പ്രത്യേകിച്ച് വൈദ്യസംബന്ധമായ വിഷയങ്ങള്‍ എഴുതുന്ന ആള്‍ എന്ന നിലക്കും എനിക്കിപ്പോള്‍ എന്റെ നാടിനെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതില്‍ അതിയായ സന്തോഷമുണ്ട്.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും..................

നാടിന്റെ പ്രകൃതിയെക്കുറിച്ചു പാടി എത്ര എത്ര കവികള്‍ നമുക്ക് മലയാളികൾക്ക് അവാച്യമായ അനുഭൂതി പകർന്നുതന്നിട്ടില്ല? എനിക്ക് തോന്നിയിട്ടുണ്ട് – ദേവഭാഷ എന്ന് വിളിക്കപ്പെടുന്ന സംസ്കൃതവും, പിന്നെ ദ്രാവിഡ സംസ്കാരത്തിന്റെ പശ്ചാത്തലവും ഒക്കെ നിഴലിച്ചു കാണുന്ന നമ്മുടെ ഭാഷ - അത് നമ്മുടെ സ്വന്തമാണെന്ന് പറയുന്നതില്‍ നാം അഭിമാനിക്കണം, ശിരസ്സ്‌ ഉയര്ത്തിപ്പിടിച്ചുകൊണ്ട് - എന്നാല്‍, അഹംഭാവമോ, അഹങ്കാരമോ ലവലേശമെന്യേ.
സുന്ദരമായ പ്രകൃതിയെപ്പറ്റിയാണ് പറഞ്ഞുവന്നത് - അതെപറ്റി എഴുതുകയാണെങ്കില്‍, എത്ര എഴുതിയാലും, വർണ്ണിച്ചാലും, ഒരിക്കലും മതിയാവുകയില്ല. തല്ക്കാലം ഞാന്‍ ആ ഉദ്യമത്തിൽനിന്നു പിന്മാറട്ടെ. കാരണം, ഞാന്‍ എന്റെ ദേശത്തിലൂടെ, അതുമായി ബന്ധപ്പെട്ട ഒരിക്കലും മരിക്കാത്ത കുറെ സ്മരണകളിലേക്ക് നിങ്ങളെ കൈപിടിച്ച് കൊണ്ടുപോകയാണ്.

പ്രകൃതിയെപ്പറ്റി എഴുതിവന്നപ്പോള്‍, പ്രകൃതിയെ വർണ്ണിച്ച കവിശ്രേഷ്ഠരുടെ പേരുകള്‍ മനസ്സില്‍ ഓടി എത്തുന്നു. അതാ, അവരുടെ ഇടയില്‍, വിശ്വപ്രസിദ്ധരായ ഷെല്ലിയും, വേര്ഡ്സ് വെര്ത്തും, ടാഗോറും തിളങ്ങിനില്ക്കുന്നു. ഷെല്ലിയുടെയും, വേര്ഡ്സ് വെര്ത്തിന്റെയും “Ode to a skylark”, “The Solitary Reaper” എന്നീ കവിതകള്‍ വളരെ മനോഹരമാണല്ലോ. അതുപോലെതന്നെ, ടാഗോറിന്റെ “Krishna Kali”യും. ചകോരം, പറന്നു പറന്ന്  പോകുമ്പോള്‍, കവിഭാവനയും ചിറകു വിടര്ത്തുകയായി. മനുഷ്യരാശിക്ക് മഹത്തായ ഒരു സന്ദേശംതന്നെ നല്കുകയാണ് ഷെല്ലി. ഏകാകിനിയായ കൊയ്ത്തുകാരിക്ക് (The Solitary Reaper) നമ്മുടെ ഇരുണ്ട നിറമുളള പൂമൊട്ടുപോലെയുള്ള പെണ്കൊടിയുമായി (Krishna Kali) നല്ല സാമ്യം. അതോ മറിച്ചോ?അതൊക്കെ പോകട്ടെ. എനിക്ക് തോന്നിയത് വേറൊന്നാണ്‌. ഈ പക്ഷി...........കൊയ്ത്തുകാരി........... കറുത്ത സുന്ദരി........ സൌന്ദര്യബോധമുള്ളവര്ക്ക് ഇവയൊക്കെ എന്നും സന്തോഷപ്രദമായവ. പക്ഷെ, അതൊക്കെ, വേണ്ടവിധം മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഷെല്ലിയും, വേര്ഡ്സ് വെര്ത്തും, ടാഗോറും ഒക്കെ വേണ്ടിവന്നു എന്ന് മാത്രം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നൊരു പഴമൊഴിയും മലയാളി പറയും. വരട്ടെ, വരട്ടെ; നമ്മള്‍ അത്ര മോശക്കാരൊന്നുമല്ലെന്നെ. നോക്കുക:

(തുടരും)



അദ്ധ്യായം 3 – ജി. യു. പി. സ്കൂള്‍





ഞാന്‍ പഠിച്ച വിദ്യാലയത്തെപ്പറ്റി പറഞ്ഞുവല്ലോ. നല്ല ടീച്ചേർസ് - വിദ്യാർത്ഥികളുടെ കാര്യത്തില്‍ വേണ്ടവിധം ശ്രദ്ധ പതിപ്പിക്കുന്നവര്‍ - അതും ഞങ്ങളുടെ നാട്ടിൽത്തന്നെയുള്ളവര്‍ ആ വിദ്യാലയത്തിന്റെ പ്രത്യേകതയായിരുന്നു. ഞാന്‍ ഒന്നാംക്ലാസ്സില്‍ ചേർന്ന ദിവസവും, തുടർന്നുള്ള കുറച്ചു ദിവസങ്ങളും പ്രത്യേകിച്ച് ഓർമ്മിക്കതക്കവയായിരുന്നു. രണ്ടാമത്തെ ദിവസം, പുഴയില്‍ കുളിക്കുമ്പോള്‍, എൻറെ രണ്ടു വയസ്സിനു മൂത്ത ബാലേട്ട - അമ്മയുടെ അനിയത്തിയുടെ മകന്‍ (ഞാന്‍ മേമ എന്ന് വിളിക്കും) - ചോദിച്ചു:

"ആരണ്ടാ പൊന്നാ നെൻറെ മാഷ്‌?"

"പേരറീല്യ, അച്ചേപോലൊരു മന്തന്‍ മാഷ്‌"

കൂടെ ഉണ്ടായിരുന്ന അച്ഛനും, കൂട്ടുകാരനായ വേറൊരു മാസ്റ്റര്ക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല. അച്ഛനെ പോലെതന്നെ നല്ല തടിയുള്ള ഒരാളാണ് തൻറെ അദ്ധ്യാപകന്‍ എന്നല്ലാതെ പേരൊന്നും അറിയില്ല എന്ന് പറഞ്ഞത് എല്ലാവര്ക്കും രസിച്ചു. അതുകൊണ്ടും തീര്ന്നില്ല - അത് വീരാന്‍ മാസ്റ്റരുടെ (മീരാന്കുട്ടി സാഹിബ്‌) ചെവിയിലും എത്തി (ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞിട്ട്). എന്നാല്‍, വീരാന്‍ മാഷ്‌ അതുകേട്ടു കുടവയര്‍ കുലുങ്ങെക്കുലുങ്ങെ ചിരിക്കുകയാണ് ചെയ്തത്! കുറേക്കാലത്തേക്ക്,
എന്നെക്കണ്ടാല്‍, അങ്ങേര്ക്കു ഉടനെ ചിരിപൊട്ടുമായിരുന്നു. അപ്പോള്‍ ഞാന്‍ ചമ്മിപ്പോയിരുന്നു. നരച്ചുതുടങ്ങിയ, ഒരു പ്രത്യേക രീതിയില്‍ വെച്ച മീശയും, ഒരു പ്രത്യേക രീതിയില്‍ ഉടുത്ത മുണ്ടും വീരാന്‍ മാസ്റ്റരുടെ സവിശേഷതകളായിരുന്നു. അദ്ദേഹത്തിന്, എൻറെ അച്ഛനെ (അതേ സ്കൂളിലെ മാഷ്‌ അല്ലെങ്കിലും) അറിയാം. എന്തിനധികം, ഞാന്‍ പറഞ്ഞ വാചകം അധികം താമസിയാതെ സ്കൂള്‍ മുഴുവന്‍ പാട്ടായി. ചില കുസൃതിപ്പിള്ളേര്‍, എന്റെ വീട്ടിനു മുമ്പിലുള്ള റോഡില്‍ കൂടി നടന്നുപോ കുമ്പോള്‍ അതൊരു പാട്ടാക്കി പാടാന്‍ തുടങ്ങി:

''അച്ചേപ്പോലൊരു മന്തന്‍ മാഷ്‌, ഹായ്
'അച്ചേപ്പോലൊരു മന്തന്‍ മാഷ്‌."

ഞാന്‍ വീരാന്‍മാസ്റ്ററെ ആദ്യമാദ്യം പേടിച്ചിരുന്നു. കാണാനും, പെരുമാറാനും എല്ലാം ഏകദേശം എൻറെ അച്ഛനെ പോലെതന്നെയിരിക്കുന്ന മാസ്റ്ററെ പതുക്കെപ്പതുക്കെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.

എൻറെ ഗ്രാമത്തെപ്പറ്റി ഞാന്‍ പറയുമ്പോള്‍, അവിടെ പഠിച്ച ജി. യു. പി. സ്കൂളുമായി ബന്ധപ്പെട്ട എൻറെ ഓര്‍മ്മകള്‍ കഴിഞ്ഞ അദ്ധ്യായത്തിന്റെ തുടര്‍ച്ചയായി കുറച്ചുകൂടി എഴുതാനുണ്ട്.

വീരാന്‍മാസ്റ്റരെപ്പറ്റി പറഞ്ഞുവല്ലോ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു നര്‍മ്മാനുഭവംകൂടിയെങ്കിലും എഴുതാതിരിക്കാന്‍ വയ്യ. അത് താഴെ കൊടുക്കുന്നു:

മഴക്കാലം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് അഞ്ചു മിനിറ്റ് നടക്കുവാനുള്ള ദൂരമേയുള്ളൂ. അമ്മ പറഞ്ഞു: "സ്കൂള്‍ വിടുന്ന നേരത്ത് മഴെണ്ടെങ്കി, കൊട വീരാന്‍മാഷ്‌ടെ കയ്യി കൊടുത്താ മതിട്ടോ - നൂര്‍ത്തി തരാന്‍. നെന്നെക്കൊണ്ട് അതിനൊന്നും ആവില്ല്യാ. വേറെ ആരടെ കയ്യിലും കൊടുക്കേം വേണ്ട."

അതുപ്രകാരം ഞാന്‍ വീരാന്‍മാസ്റ്റരുടെ കയ്യില്‍ ഒന്ന് രണ്ടു പ്രാവശ്യം എന്റെ കുട കൊടുത്ത് ആവശ്യം സാധിച്ചെടുത്തു. ആദ്യത്തെ പ്രാവശ്യം മാഷ്‌ പറയുകതന്നെ ചെയ്തു:

"നിന്നെക്കൊണ്ടു ഇതിനും ആവില്ലെടാ ശാപ്പാട്ടുരാമാ? അപ്പോള്‍, അടുത്തുനിന്നിരുന്ന ഒരു ടീച്ചര്‍ ചിരിച്ചുകൊണ്ട് തിരുത്തി:

"അതിനെക്കൊണ്ടു അതിനും ആവില്ലാ." ശാപ്പാട് ഉണ്ണാനും ഞാന്‍ പിറകില്‍ ആണെന്ന് ടീച്ചര്‍ക്കറിയാം. പക്ഷെ, ഇപ്പോളാണെങ്കില്‍ ഞാന്‍ പറയും: "അത് അന്തക്കാലം ടീച്ചറെ."

അങ്ങിനെയിരിക്കെ, വീണ്ടും ഒരു ദിവസം, സ്കൂള്‍ വിടുന്ന നേരം നോക്കി അതാ വരുന്നു - മഴ. ഞാന്‍ വീരാന്‍ മാസ്റ്ററെ നോക്കി. അവിടെ എവിടെയും 'തിരി കത്തിച്ചു നോക്കിയാല്‍ പോലും' മാസ്റ്ററെ കാണില്ല എന്ന് മനസ്സിലായി. ഇനി എന്ത് ചെയ്യും? കുട വേറെ ആരുടെ കയ്യിലും കൊടുക്കരുത് എന്ന മാത്രുവാക്യം തെറ്റിക്കാന്‍ പാടില്ല. അപ്പോള്‍ അതാ കുറെ കൂട്ടുകാര്‍, കുടയില്ലാത്തവര്‍, പുസ്തകസഞ്ചിയും തലയില്‍വെച്ചുകൊണ്ട് ഓടുന്നു. അതെനിക്കൊരു പ്രചോദനം ആയി. പുസ്തകസഞ്ചി തോളില്‍ തൂക്കിയിട്ടുണ്ട്‌. ഞാന്‍ നിവര്‍ത്താത്ത കുട തലയില്‍ വെച്ച് ഓട്ടം തുടങ്ങി. കുടയുണ്ടായിട്ടു, അത് നിവര്ത്താതെ തലയില്‍വെച്ചുകൊണ്ട് ഓടുന്ന സാഹസം കണ്ട്‌ പാതവക്കിലെ ചില ആളുകള്‍ ചിരിക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം അമ്മ ചോദിച്ചപ്പോള്‍, ഞാന്‍ ഉണ്ടായ കാര്യം പറഞ്ഞു. ആ രംഗം കണ്ട എന്റെ വലിയച്ഛന്‍ അടുത്തുവന്നു ചിരിച്ചുകൊണ്ട്, സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട് പറഞ്ഞു: "ഒരു കോരപ്പന്‍ തന്നെടാ പൊന്നപ്പാ. നീ." പരിഭ്രമിച്ച അമ്മ തല തോര്‍ത്ത്മുണ്ടുകൊണ്ട് തുടച്ചുതരുന്നതിനിടയില്‍ അതുകേട്ടു ചിരിച്ചുപോയി.

അടുത്തത്, അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. "നമ്മള്‍ ഒന്ന്" എന്ന ഒരു പഴയ നാടകത്തെക്കുറിച്ച്  ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല.   കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം, രാവുണ്ണിമാസ്റ്റര്‍ (തിരുവഴിയാട് സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റര്) ചിരിച്ചുകൊണ്ട് സ്കൂളിനകത്ത് നിന്നും പുറത്ത്, റോഡിലേക്കിറങ്ങി അച്ഛന് കൈ കൊടുത്തിട്ട് പറഞ്ഞുവത്രേ:

"മാഷേ നമ്മള്‍ ഒന്ന്." കാരണം, തിരുവഴിയാട് കൊച്ചി സംസ്ഥാനത്തും, അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ (മൂലങ്കോട് - തിരുവഴിയാട് നിന്നും ഏതാനും 7 കി. മീ. അകലെ) മലബാറിലും ആയിരുന്നു!
ഇതു പറയുമ്പോള്‍, എനിക്ക് തോന്നുകയാണ്: ഇന്നു നമ്മള്‍ കേരളീയര്‍/മലയാളികള്‍ എന്നു പറയുന്നവര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിക്കാരായിരുന്നു, മലബാറുകാരായിരുന്നു, തിരുവതാംകൂര്‍കാരായിരുന്നു! കേരളം വിജയിക്കട്ടെ! മലയാളി വിജയിക്കട്ടെ!

ഞാന്‍ ഓര്‍ക്കുന്നു, ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്, സി. എല്‍. ജോസിന്റെ "വിഷക്കാറ്റ്" എന്ന നാടകം തിരഞ്ഞടുത്ത് ടീച്ചേര്‍സ് അഭിനയിക്കുകയുണ്ടായി. പില്ക്കാലത്തെ സിനിമാതാരം തൃശ്ശൂര്‍ എല്‍സി ആയിരുന്നു നായിക. അന്നവര്‍ തിരക്കുള്ള ഒരു നാടകനടി ആയിരുന്നു. എച്ചുമാഷ്‌ (ലക്ഷ്മണന്‍ ഉണ്ണി) എന്ന തമാശക്കാരനായ മാഷ്‌ തന്റെ കഷണ്ടിമണ്ടയില്‍ വിഗ് വെച്ച് അഭിനയിച്ചത് ഞങ്ങളെ ചിരിപ്പിച്ചു.




അദ്ധ്യായം 4 - ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ - ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.

സുഹൃത്തുക്കളെ, എൻറെ ഗ്രാമത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് കുറേനേരം കൂടി ഈ സ്കൂളില്‍ത്തന്നെ തങ്ങാം.
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്തുതന്നെ മറക്കാന്‍ പറ്റാത്ത വേറൊരു അനുഭവം ഉണ്ടായി:

മലയാളംക്ലാസ്സ്‌ എടുത്തത്‌ സാറാമ്മ ടീച്ചര്‍ ആയിരുന്നു. തിരുവല്ലക്കാരി ആയിരുന്ന അവര്‍ തിരുവഴിയാട്ടുകാരി ആയി മാറി. ടീച്ചര്‍ ഇന്നില്ല. ടീച്ചറുടെ മലയാളം ക്ലാസുകള്‍ നല്ല രസമുള്ളവ ആയിരുന്നു.

"ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളിര്‍ തണ്ണീരിതാശു നീ......"

ടീച്ചര്‍ രീതിയില്‍ പദ്യം ചൊല്ലി, പരാവര്‍ത്തനം പറയുന്നത് കേട്ട്, മഹാകവി കുമാരനാശാൻറെ ആത്മാവ് സന്തോഷിച്ചിരിക്കണം.
സാറാമ്മ ടീച്ചര്‍, ദമയന്തീ സ്വയംവരം എന്ന രണ്ടു ഭാഗങ്ങളുള്ള പാഠം വിശദമായിത്തന്നെ പഠിപ്പിച്ചു. സുന്ദരിയായ ദമയന്തിയുടെയും വീരനായ നളൻറെയും പ്രണയകഥ. പഠനം അവസാനിപ്പിച്ചു,
ടെക്സ്റ്റ്ബുക്കിലുള്ള അഭ്യാസത്തിലേക്ക് കടന്നു. "ദമയന്തീസ്വയംവരകഥ നിങ്ങളുടെ സ്വന്തം ഭാഷയില്‍ ചുരുക്കിപ്പറയുക."
"പ്രേമകുമാരന്‍:" - ടീച്ചര്‍ പേര് വിളിച്ചുകൊണ്ട്, എൻറെ നേരെ തിരിഞ്ഞു. കഥ നല്ലപോലെ അറിയാം. മലയാളത്തിലും, ഹിന്ദിയിലും, സാമൂഹ്യ പാഠങ്ങളിലും മിക്കവാറും ഞാന്‍ തന്നെയായിരിക്കും ഒന്നാമന്‍. പക്ഷെ, ഒരു കൊച്ചുനാണംകുണുങ്ങി ആയിരുന്നതുകൊണ്ട് കഥ മാറി. "കഥ പറയാനൊന്നും പോകണ്ട കുട്ടീ, നീ അറിയില്ല എന്ന് പറഞ്ഞോ" എന്ന് എൻറെ അന്ത:കരണം എന്നോട് മന്ത്രിച്ചത് ഞാന്‍ അങ്ങോട്ട്‌ അനുസരിച്ചു. അല്ലാ പിന്നെ. പതുക്കെ തല രണ്ടു വശത്തേക്കും ആട്ടി. ടീച്ചറുടെ ഭാവം ഒന്ന് മാറി. "ശരി, ഇനി ആര്‍ക്കാണ് അറിയാൻ പാടില്ലാത്തത് - അവര്‍ എഴുന്നേറ്റു നില്ക്കുക."
എൻറെ അടുത്തിരുന്ന, ഉണ്ണി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുന്നേറ്റു. പഠിപ്പില്‍ മോശമല്ലാതിരുന്ന തിരുമേനി, പിന്നീട് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, "ഹായ്, തനിക്കു അറിയാന്‍ പാടില്ലാത്തത് പിന്നെ എനിക്കാണോടോ അറ്യാ?" എന്നായിരുന്നു. പിന്നെ പറയാനുണ്ടോ, ജയകൃഷ്ണൻ ഉണ്ണി ഒഴിച്ച് ബാക്കി എല്ലാവരും എഴുന്നേറ്റു (ജയകൃഷ്ണൻ ഉണ്ണി ഭീലായ് സ്റ്റീൽ പ്ലാന്റിലെ ഇന്റെലിജെന്സ് മേധാവി ആയി, ഇപ്പോൾ റിട്ടയർ ആയിരിക്കും).
"അപ്പോള്‍, അങ്ങിനെയാണ് കാര്യം? ശരി, എച്.എമ്മിന്റെ ഓഫീസില്‍പ്പോയി ചൂരല്‍ എടുത്തുകൊണ്ടു വാ, പ്യൂണിനോട് ചോദിച്ചാല്‍ മതി." ടീച്ചര്‍ ഒരു കുട്ടിയോട് പറഞ്ഞു.
അങ്ങിനെ, നീട്ടിയ കരങ്ങളിലേക്ക് ഈരണ്ടു ചൂരല്‍പഴങ്ങള്‍ നല്ല ചൂടോടെ ടീച്ചര്‍ എല്ലാവര്ക്കും സമ്മാനിച്ചു. ആദ്യത്തെ ''ഭാഗ്യവാന്‍'' ഞാന്‍ തന്നെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ചിലര്‍, ആണ്‍, പെണ്‍-ഭേദമില്ലാതെ, അടി കിട്ടുന്നതിനു മുമ്പുതന്നെ കരച്ചിലിൻറെ വക്കിലെത്തി.
എൻറെ മനസ്സ് വിങ്ങിപ്പൊട്ടി. എങ്കിലും, പിന്നീട് ഈ സംഭവം എൻറെ അകക്കണ്ണ് തുറപ്പിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ അവതിരിപ്പിക്കാനും അതുപ്രകാരം മുന്നോട്ടുപോകാനും തയ്യാറായില്ലെങ്കില്‍, നാം മാത്രമല്ല കൂടെയുള്ളവരോ വേണ്ടപ്പെട്ടവരോ - ആരായാലും അതിന്റെ തിക്തഫലം അനുഭവിക്കും. പ്രത്യേകിച്ച്, ഞാന്‍ കാരണം, അന്ന് മറ്റുള്ളവര്‍ക്കും കിട്ടി അടി.
വര്‍ഷങ്ങള്‍ക്കു ശേഷം, പല അവസരങ്ങളില്‍, ഞാന്‍ കുടുംബസമേതം ടീച്ചറെ വീട്ടില്‍പ്പോയി കാണുകയുണ്ടായി. എന്റെ ഭാര്യയേയും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. വയസ്സായ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നുവെന്നോ. "ഇതു രണ്ടും ഞാന്‍ പഠിപ്പിച്ച പിള്ളേരാ." ആ സംസാരത്തിന്റെ രീതിയില്‍ പിന്നീട് ചെറിയൊരു മാറ്റം വന്നത് ഞാന്‍ ശ്രദ്ധിച്ചു. അല്‍പ്പം നീട്ടിക്കൊണ്ടുള്ള രീതി പോയി, പാലക്കാടന്‍ രീതിയില്‍ ഒന്ന് "കുറുക്കി" പറയുന്ന രീതിയില്‍ ആയി. ഞാന്‍ അത് പറഞ്ഞപ്പോള്‍ ടീച്ചര്‍ പൊട്ടിച്ചിരിച്ചു.
മുകളില്‍ വിവരിച്ച, ദമയന്തീ സ്വയംവരം അടിയില്‍ കലാശിച്ച ആ സംഭവം ഒരിക്കല്‍ ടീച്ചറെ ഓര്‍മിപ്പിച്ചപ്പോള്‍,
"എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ"
എന്ന പദ്യശകലം, ടീച്ചര്‍തന്നെ പഠിപ്പിച്ചത്, എന്നെ ഓർമ്മിപ്പിക്കുമാറ് , അവര്‍ - കണ്ണ് തുടയ്ക്കുന്നത് കണ്ടു. ബഹുമാനപ്പെട്ട ആ അദ്ധ്യാപികയെക്കുറിച്ചുള്ള ഓർമ്മയ്ക്ക് മുമ്പിൽ ഈയുള്ളവന്‍ ശിരസ്സു നമിക്കുന്നു. എന്റെ കണ്ണുകള്‍ പതുക്കെ ഈറന്‍ അണിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. തല്‍ക്കാലം ഇവിടെ നിറുത്തട്ടെ. ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് കുറേനേരം കൂടി ഈ സ്കൂളില്‍ത്തന്നെ തങ്ങേണ്ടതുണ്ട്.




അദ്ധ്യായം 5 - സാര്‍, ഞാന്‍ ഈ പരീക്ഷക്ക്‌ പഠിച്ചിട്ടില്ല

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഭാരതി ടീച്ചര്‍ ക്ലാസ്സില്‍ സോഷ്യല്‍ സ്ററഡീസ് പരീക്ഷാക്കടലാസ് പരിശോധിച്ചത് ഓരോന്നായി വായിക്കുകയാണ്. എൻറെ ഊഴം എത്തി. കൂടുതല്‍ മാര്‍ക്സ്, പ്രതീക്ഷിച്ചപോലെ എനിക്കുതന്നെയാണ്. ടീച്ചര്‍: "പ്രത്യേകിച്ച്, ഒരു ചോദ്യോത്തരത്തെ കുറിച്ചു പറയാനുണ്ട്."
“വിക്രമാദിത്യസദസ്സിലെ നവരത്നങ്ങള്‍ (ഒന്‍പത് പണ്ഡിതന്മാര്‍) ആരൊക്കെയായിരുന്നു?”
ഉത്തരം:
"ധന്വന്തരിക്ഷപണകാമാരസിംഹശങ്കു-
വേതാളഭട്ടഘടകർപ്പരകാളിദാസ:
ഖ്യാതോ വരഹമിഹിരോ നൃപതേസ്സഭായാം
രത്നാനി വൈ വരരുചിർന്നവ വിക്രമസ്യ .”
ഞാന്‍ ആദ്യം ഒന്ന് മടിച്ചു എങ്കിലും, ഒന്‍പതുപേരുടെയും പേരുകള്‍ എഴുതുന്നതിനു മുമ്പ്, അച്ഛനില്‍നിന്നും കേട്ടുപഠിച്ച ശ്ലോകം എഴുതുകതന്നെ ചെയ്തു. അതാണ്‌ ടീച്ചര്‍ ഇവിടെ വായിച്ചത്. ശ്ലോകം എഴുതേണ്ട കാര്യമില്ലെങ്കിലും, എഴുതിയതില്‍ സന്തോഷം ഉണ്ടെന്നു പറഞ്ഞു. മാത്രമല്ല, ഈ വിവരം കൂടെയുള്ള സഹപ്രവര്‍ത്തകരെ താൽപര്യപൂര്‍വ്വം അറിയിക്കുകയുമുണ്ടായി. എന്നില്‍, 'ഓര്‍മ്മ' എന്ന ഒന്ന് ഉള്ളേടത്തോളം കാലം ഈ ശ്ലോകങ്ങള്‍ എല്ലാംതന്നെ എന്നില്‍ ജീവിക്കുകതന്നെ ചെയ്യും. നര്‍മ്മശ്ലോകങ്ങള്‍ എല്ലാം ഞാന്‍ ഇതിനുമുമ്പ് ഒരു സോഷ്യൽ മീഡിയയിൽ ബ്ലോഗ്സ് ആയി ഇട്ടിട്ടുണ്ട്. നർമ്മവാക്യവും നർമ്മശ്ലോകവും എന്ന അഞ്ചുഭാഗങ്ങള്‍ ഉള്ള എന്റെ ഈ-പുസ്തകത്തിന്റെ അവസാനത്തെ പേജുകളില്‍ കൊടുത്തിട്ടുണ്ട്‌.
ഇനി, ഈ സ്കൂളുമായി ബന്ധപ്പെട്ടതല്ലെങ്കിലും, എൻറെ ഗ്രാമത്തെക്കുറിച്ചും മരിക്കാത്ത കുറെ സ്മരണകളെക്കുറിച്ചുമാണ് ഞാന്‍ എഴുതുന്നത് എന്നതുകൊണ്ട്‌, വേറൊന്നുകൂടി പറയുവാന്‍ ആഗ്രഹിക്കുന്നു:
എൻറെ ഇഷ്ടപ്പെട്ട വിഷയങ്ങളും, ക്ലാസ്സില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നതും മലയാളത്തിലും, ഹിന്ദിയിലും, സോഷ്യല്‍ സ്ററഡീസിലും ആണെന്ന് പറഞ്ഞുവല്ലോ. ഞാന്‍ ഹൈസ്കൂളില്‍ ആയഘട്ടത്തില്‍ ഒരിക്കല്‍ അച്ഛന്‍ ആറാം ക്ലാസ്സിലെയും, ഏഴാം ക്ലാസ്സിലെയും പരീക്ഷാകടലാസുകള്‍ നോക്കാന്‍ വട്ടം കൂട്ടുകയായിരുന്നു. പെട്ടെന്ന് മൂപ്പര്‍ക്ക് ഒരു ഐഡിയ. എന്നെ വിളിച്ചു ചോദിച്ചു: മലയാളവും, സോഷ്യല്‍ സ്ററഡീസും, സയന്‍സും നീ പഠിച്ച സിലബസ് തന്നെയല്ലേ നോക്ക് എന്ന് പറഞ്ഞു ചോദ്യക്കടലാസ് എന്റെ നേര്‍ക്ക്‌ നീട്ടി. ഞാന്‍ അത് വാങ്ങി വായിച്ചു നോക്കി, അതെ എന്നും പറഞ്ഞു. ശരി, നിനക്ക് ഇപ്പോള്‍ വേറെ ജോലിയൊന്നും ഇല്ലല്ലോ? ഈ കടലാസുകള്‍ ഒക്കെ ഒന്ന് നോക്കിക്കൂടെ? എനിക്ക് വളരെ താൽപര്യം തോന്നി. രോഗി - ഇച്ഛിച്ചതും, വൈദ്യന്‍ കല്പിച്ചതും പാല്. ചോദ്യം വായിച്ചു, എന്നെക്കൊണ്ട് ഉത്തരം പറയിച്ചു, വേണ്ടയിടത്ത് വിവരിച്ചു തന്നു - എങ്ങിനെ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്ക്‌, ഇല്ലെങ്കില്‍ അതിനനുസരിച്ച് എന്നൊക്കെ പറഞ്ഞു തന്നു. ഇങ്ങിനെ, തുടര്‍ച്ചയായി നാല് വര്‍ഷങ്ങള്‍ ഞാന്‍ അച്ഛനെ സഹായിച്ചു. അച്ഛന്‍ അടുത്ത കൂട്ടുകാരനും, കസിന്‍ബ്രദരുമായ കുമാരന്‍ മാസ്ടരോട് മാത്രം വിവരം പറഞ്ഞു. അച്ഛനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു - എന്റെ evaluation-ല്‍ ഒരു കുട്ടിക്കും പരാതി ഒന്നും ഇല്ലായിരുന്നു എന്ന്. ജീവിതത്തില്‍ എനിക്ക് ആത്മസംതൃപ്തി നേടിത്തന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഞാനാകട്ടെ, ഇതൊക്കെ എന്റെ അടുത്ത ഒന്ന് രണ്ട് കൂട്ടുകാരോട് പറയ്കയുമുണ്ടായി. (അവര്‍ അങ്ങിനെ എന്നെ 'മാഷ്‌' എന്ന് വിളിക്കാന്‍ തുടങ്ങിയത്, പില്‍ക്കാലത്ത് പലരും അങ്ങിനെതന്നെയാക്കി.) ഇനി, ഇതുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ചെറിയ കാര്യങ്ങള്‍കൂടി കുറിക്കാന്‍ ആഗ്രഹിക്കുന്നു.
ഒരു വിദ്യാര്‍ഥിയുടെ പേര് കേരളകുമാരന്‍ എന്ന് കണ്ടു. ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് അങ്ങിനെയൊരു പേര്. അച്ഛനോട് ചോദിച്ചപ്പോള്‍ പറഞ്ഞു: അവന്‍ ജനിച്ചത്‌ കേരളപ്പിറവിദിനത്തില്‍ ആയതുകൊണ്ടാണ്‌ അച്ഛനമ്മമാര്‍ അങ്ങിനെ ഒരു പേരിട്ടത്.
ഒരിക്കല്‍, എഴാം ക്ലാസ്സിലെ സോഷ്യല്‍ സ്ററഡീസ് പേപ്പറില്‍, ഒരു വിദ്യാര്‍ത്ഥി കാര്യമായി ഒന്നും എഴുതിയില്ല. എന്നാല്‍ ഇങ്ങിനെ എഴുതി:
"മധുമാസമതായി മല്ലികേ
മണമുതിര്‍പ്പു നീയീ വാടിയില്‍
പറയാം കിനാക്കള്‍ ഒരു ഗാനമായ്
വരൂ രാക്കിളികളെ ഈ വാടിയില്‍
തൂമധു തൂകും മലരുകളൾ അല്ലേ
ആശകള്‍ നല്‍കും അമ്പിളിയെ...."
സാര്‍, ഞാന്‍ ഈ പരീക്ഷക്ക്‌ പഠിച്ചിട്ടില്ല, അടുത്ത പരീക്ഷക്ക്‌ എഴുതാം, എഴുതാം, എഴുതാം.
ഞാന്‍ എന്റെ കൈയിൽ ഒന്ന് നുള്ളി നോക്കി. വാസ്തവം തന്നെയാണ്, സ്വപ്നമല്ല. ആ ഉത്തരക്കടലാസുമെടുത്ത് കോണിപ്പടികള്‍ ഇറങ്ങി താഴെ എത്തി പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛനെ കാണിച്ചു. അച്ഛന്‍ ഒന്ന് പുഞ്ചിരിച്ച ശേഷം, "പുറത്തു പെന്‍സില്‍ കൊണ്ട് ഒരു ടിക്ക് മാര്‍ക്ക് ഇട്ടു വെക്ക്” എന്ന് പറഞ്ഞു. സ്കൂള്‍ തുറന്ന ശേഷം ഞാന്‍ അതേപ്പറ്റി അച്ഛനോട് ചോദിച്ചപ്പോള്‍ മനസ്സിലായി - ഇനി ഇങ്ങിനെ ചെയ്യരുത് എന്ന് പറഞ്ഞു പുറത്ത് ചെറുതായി ഒരടി പാസ്സാക്കിയിട്ട്‌ കടലാസ്സ്‌ കൊടുത്തു എന്ന്. മറ്റു കുട്ടികള്‍ക്ക് ഒന്നും പിടികിട്ടിയതുമില്ല!



അദ്ധ്യായം 6 - പഴയ ഓര്‍മ്മ

[ബ്ലോഗർ എന്ന നിലക്കുള്ള എൻറെ ആദ്യത്തെ ബ്ലോഗ്പോസ്റ്റ് ആണ് പഴയ ഓർമ്മ എന്ന ഈ ഭാഗം. ഇത് ഞാൻ ഈ ആത്മകഥാംശത്തിൻറെ ഭാഗമായി ചേര്ക്കുന്നു. മംഗ്ലീഷിൽ ഞാൻ എഴുതിയ ഈ ബ്ലോഗ്, വർഷങ്ങൾക്കു മുമ്പ് എൻറെ സുഹൃത്ത് വേണു ജി. നായർ ആണ് മലയാളത്തിൽ ആക്കിയത് - പാവം മലയാളികൾ എന്ന സോഷ്യൽ നെറ്റ് വർക്കിനു വേണ്ടി. ആ പോസ്റ്റ് അവിടെ ഇട്ട സൈറ്റ് അഡ്മിനോടും (പ്രത്യേകം ബിനു വാസുദേവൻ) എന്റെ സുഹൃത്തുക്കളോടും എക്കാലത്തും ഉള്ള എൻറെ നന്ദി രേഖപ്പെടുത്തുന്നു. ബിനു വാസുദേവൻ അഡ്മിൻ ആയുള്ള ഒരു മുഖപുസ്തക സൈറ്റിൽ അദ്ദേഹം എന്നെയും അഡ്മിൻ ആക്കിയിട്ടുണ്ട്.]

“നാരായണ, നാരായണ, നാരായണ”

സന്ധ്യാസമയത്ത് ഉണ്ണൂലി വാരസ്യാരുടെ നാമജപമാണ് കേള്‍ക്കുന്നത്. ഇടക്ക് അകത്തേക്ക് നോക്കി ചോദിക്കുന്നു:
“മീനാക്ഷീ, അപ്പു വന്നില്യേ?”

മറുപടി: “ഇല്യാ. സ്കൂളില് ന്തോ കളിയോ റ്റോണ്ടത്രേ.”
“കളി, കളി – അതല്ലാണ്ടൊരു വിചാരൊല്യേയ് ” – വാരസ്യാര് പിറുപിറുത്തു. വീണ്ടും നാമജപം.

*************************************************************************
ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്. പാലക്കാട് ജില്ലയിലെ തിരുവഴിയാട് ജി. യു. പി. എസ്സിലെ നാലാംക്ലാസ്സില് അധ്യാപകന്‍ (സേതുമാധവന്‍ മാസ്റ്റര്‍) വിദ്യാര്ത്ഥികളെ പല ബാച്ചുകളായി തിരിച്ചു നാടകം അഭിനിയിപ്പിക്കുകയാണ് – മലയാള പാഠപുസ്തകത്തിലെ “ഒരു പഴയ ഓര്‍മമ ” എന്ന എകാങ്ക നാടകം. ഞാന്‍ അടക്കമുള്ള വിദ്യാര്ത്ഥികള്‍ പങ്കെടുത്ത ആ നാടകത്തിലെ സംഭാഷണം തുടങ്ങുന്നത് മുകളില് കൊടുത്തിട്ടുള്ളതുപോലെയാണ്.

അദ്ധ്യയനം അതിന്റേതായ . രീതിയില്ത്തന്നെ ആയിരിക്കണമെന്നുള്ള അധ്യാപകര്‍ വിദ്യാലയത്തിന്റെതന്നെ അഭിമാനമല്ലേ?

ഇനി നാടകത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാം.
അപ്പു, ഒരു ഹരിജന്‍ വിദ്യാര്ത്ഥിയുടെ തോളില് കൈയിട്ട് വരുന്നു. വാരസ്യര് കാണുകയാണ്. ക്ഷുഭിതയായ അവര് അപ്പൂവിനോട് കുളിച്ചിട്ട് അകത്ത് കയറിയാല്‍ മതി എന്നു പറയുന്നു. അങ്ങിനെ ഒരു വീട്ടിലേക്ക് കയ റേണ്ട ആവശ്യമേയില്ല എന്നു പറഞ്ഞു അപ്പു തിരിഞ്ഞു നടക്കുന്നു. അപ്പൂവിനു വേണ്ടാത്ത വീട് തനിക്കും വേണ്ടാ എന്നു പറഞ്ഞു കൊണ്ട് അമ്മ മീനാക്ഷിയും കൂടെ ഇറങ്ങുന്നു.
അവസാനം, വാരസ്യാര് തെറ്റു മനസ്സിലാക്കിയപോലെ:
“ക്ഷമിക്യ, എനിക്ക് പഴേ ഓര്‍മേല്ലേ കുട്ട്യേ” എന്ന് പറയുന്നു.

***************************************************************************************************************************
ജാതിമത ചിന്തകള്‍ക്കപ്പുറത്ത്, വീട്ടിലും വിദ്യാലയത്തിലും, എവിടെയും എല്ലാവരും തുല്യരാണെന്ന മഹത്തായ സന്ദേശം ഇതിലുണ്ട്. അതുകൊണ്ടു തന്നെയാകണം, നാലഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, ആ “പഴയ ഓര്‍മ്മ” യെക്കുറിച്ചുള്ള പഴയ ഓര്‍മ്മ എന്നില്‍ ഇന്നും മായാതെ നിലനി നില്ക്കുന്നതും!


അദ്ധ്യായം 7 - കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.
പ്രധാന ചേതന കഥാപാത്രം:
കുട്ട്യേമ്മു
അചേതന കഥാപാത്രങ്ങള്‍:
[ഇന്നത്തെ തലമുറയില്‍പെട്ടവര്‍ ഇവ കാണുക എന്നതുപോയിട്ടു കേള്‍ക്കുകപോലും നന്നേ അപൂര്‍വ്വം! കുണ്ട്ളി, കുണ്ടുകയിൽ = പാലക്കാടൻ, ഉൾനാടൻ പ്രയോഗങ്ങൾ ആണിത്. മറ്റു സ്ഥലങ്ങളിൽ എന്തുപറയും എന്നറിയില്ല. അതോ മറ്റു സ്ഥലങ്ങളിൽ ഇല്ലേ എന്നും അറിയില്ല. ഇങ്ങനെ പറഞ്ഞപ്പോൾ ഒരു തമാശ ഓർമ്മ വരികയാണ്. ജഗതി എൻ. കെ. ആചാരിയുടെ (ജഗതി ശ്രീകുമാർ മകൻ) ഏടാകൂടം എന്നൊരു നാടകം ഉണ്ട്. അതിൽ ദാക്ഷായണി മിസ്ട്രെസ്സിനോട് ഒരാൾ ചോദിക്കുന്നു - ടീച്ചറേ, ഈ ആമാശയത്തിനു എന്താ പറയുക? ടീച്ചർക്ക് ഇംഗ്ലീഷ് പിടിയില്ല. എങ്കിലും ഗമ വിടാതെ ഒരു കാച്ചു കാച്ചി - അതോ, ഇംഗ്ലീഷുകാര്ക്ക് ആമാശയം ഇല്ല! ഏതായാലും, നമുക്ക് വിഷയത്തിലേക്ക് കടക്കാം.]
കുണ്ട്ളി (വലിയ, വായ്‌ വട്ടമുള്ള, നല്ല കനമുള്ള, വെള്ളം നിറച്ചു സൂക്ഷിക്കുന്ന മണ്‍പാത്രം)
കുണ്ടുകയില്‍ (കുണ്ടുള്ള ചിരട്ടയും മുളംകോലും കൊണ്ടുള്ള വലിയ സ്പൂണ്‍)
മട്ക്ക [ഹിന്ദി/മറാത്തി] (വായ്‌ വട്ടമുള്ള മണ്‍കുടം)
***
ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബൈ യില്‍), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്നു കുട്ട്യേമ്മുവിന്റെ കുണ്ട്ളി.
സഹപാഠികള്‍, ഇടവേളകളിലും, ഇടക്കെല്ലായിപ്പോഴും നേരെ അടുത്തുള്ള കുട്ട്യേമ്മു അമ്മൂമ്മയുടെ വീട്ടുമുറ്റത്തെ തെങ്ങിൻതടത്തിൽ വെച്ച കുണ്ട്ളിയിലെ വെള്ളം കുണ്ടുകയില്‍ ഉപയോഗിച്ച് കുടിക്കും. ഒരാള്‍ വെള്ളം അങ്ങിനെ പകര്‍ന്നു കൊടുക്കുമ്പോള്‍, ആവശ്യമുള്ളയാള്‍ രണ്ടു കൈകളും ചേര്‍ത്ത് കുമ്പിള്‍പോലെ ആക്കി അതില്‍ നിന്നും വെള്ളം മതിവരുവോളം അകത്താക്കും. ഇത് ഒരു സ്ഥിരം പതിവായിരുന്നു - വീട് അടുത്താണെങ്കിലും, ഞാനും ആ 'പരിപാടി'യില്‍ പങ്കുചേര്‍ന്നിരുന്നു. അതൊരു രസം.
''ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളിര്തണ്ണീരിതാശു നീ''
എന്ന കവിയുടെ ഈ വരികൾ ഓർത്തുപോകും. എന്നാൽ, ചാമര്നായകന്റെ കിടാത്തിയുടെ പേടിയോ, ആശങ്കയോ ഇവിടെ ദാഹജലം പകര്ന്നുകൊടുക്കുന്നവരിലോ പാനം ചെയ്യുന്നവരിലോ തീരെ ഇല്ല. ഒരേ ജാതി - വിദ്യാർത്ഥികൾ - വിദ്യാർത്ഥി സുഹൃത്തുക്കൾ.
തൂങ്ങിക്കിടക്കുന്ന കാതുകളും മാറും കാണിച്ചു, ചിരിച്ചുകൊണ്ട്, വയസ്സായ കുട്ട്യേമ്മു അമ്മൂമ്മ, കുട്ടികള്‍ ഇങ്ങിനെ വെള്ളം കുടിക്കുന്നത് കണ്ടു ആനന്ദനിര്‍വൃതികൊള്ളും. വെള്ളം കഴിയാറാകുമ്പോള്‍, കുട്ട്യേമ്മു ചിരിച്ചുകൊണ്ട് വിളിച്ചു പറയുന്നത് കേള്‍ക്കാം:
"നാറാണോ, കുണ്ട്ളീലെ വെള്ളം കഴിയാറായെടാ." എന്ന്വെച്ചാല്‍ പേരമകന്‍ നാരായണനോ അവന്റെ അമ്മയോ, അടുത്തുള്ള കിണറ്റില്‍നിന്നും വെള്ളം കോരി കുണ്ട്ളി നിറയ്ക്കണം എന്നര്‍ത്ഥം. കുട്ട്യേമ്മു അമ്മൂമ്മയുടെ ആ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വെള്ളം ചോദിച്ചാല്‍ കൊടുക്കല്‍ ആയിരുന്നില്ല അത്.
ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍, ഉയരങ്ങളിലെത്തി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍, അക്ഷരാഭ്യാസമില്ലാത്ത, സ്നേഹം മാത്രം കൈമുതല്‍ ആക്കിയിരുന്ന കുട്ട്യേമ്മു അമ്മൂമ്മയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥമായ ആ സേവനങ്ങള്‍ക്ക് വിലകൊടുക്കാറുണ്ടോ? വര്‍ഷങ്ങളായി, സ്വന്തം തെങ്ങിന്‍ചുവട്ടില്‍ വെച്ച കുണ്ട്ളിയില്‍, തെങ്ങിന്പട്ടകൊണ്ട്
നെയ്ത പായകൊണ്ട് അടച്ചു വെച്ച വെള്ളം വഴി കുട്ടികളുടെ ദാഹശമനം വരുത്തുന്ന ആ മഹത്കാര്യം ഞാന്‍ ഇന്നെന്നപോലെ ആദരപൂര്‍വ്വം, നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തീര്‍ച്ചയായും, എന്നെപ്പോലെ കുറെപ്പേരെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ച.
ഇനി പറയൂ സുഹൃത്തുക്കളെ, കുട്ട്യേമ്മു അമ്മൂമ്മയെ ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍, അവര്‍ നല്കിയിരുന്ന ദാഹജലം പാനംചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എങ്കില്‍........ എന്ന് തോന്നുന്നില്ലേ?




അദ്ധ്യായം 8 - ദേവി

ജീവിതത്തിൽ ദു:ഖകരവും സന്തോഷകരവുമായ അനുഭവങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളിൽ അധികമായി ആ ദു:ഖാനുഭവം ഉണ്ടായിട്ട്. ഇന്നും പലപ്പോഴായി എൻറെ മനസ്സിലേക്ക് ആ കൊച്ചുനക്ഷത്രം (അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ അനിയത്തി) കടന്നു വരുന്നു.

ഒരു ഏട്ടനും അനിയത്തിയും ചെറുപ്പത്തിൽ എങ്ങനെ സ്നേഹിക്കും - ഒരുപക്ഷെ അതിലധികം ഞങ്ങൾ അന്യോന്യം സ്നേഹിച്ചു - നിഷ്കളങ്കമായ സ്നേഹം. ദേവി (ദേവകിക്കുട്ടി എന്ന ഞങ്ങളുടെ മുത്തശ്ശിയുടെ പേര്) - എന്റെ കൊച്ചു പെങ്ങൾ - അവൾ എൻറെ എല്ലാമായിരുന്നു.

അഞ്ചാറു വയസ്സിനു താഴെ ഉള്ള അവളെ ഞാൻ എടുത്തുകൊണ്ടു നടന്നു. അറിയാവുന്ന കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചു. അവൾക്കു സന്തോഷമുണ്ടാക്കുന്നതെല്ലാം ഞാൻ ചെയ്തു. കോമാളിത്തരങ്ങൾ കാട്ടി. നീല ഉടുപ്പിട്ട, തടിച്ച കവിളുകളുള്ള, പ്രകാശിക്കുന്ന കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ.

അമ്മ, മേമ (ചെറിയമ്മ) മുതലായവർ എപ്പോഴും ഒര്മ്മപ്പെടുത്തും - പിള്ളരേ, കുട്ടികളെ സൂക്ഷിച്ചോൾ. മുതിർന്ന കുട്ടികളുടെ ചുമതലയാണ് താഴെ ഉള്ളവരെ നോക്കുക എന്നത്. അതെ, തറവാട്ടിന് മുമ്പിലൂടെ പുറത്ത് പോയാൽ ബസ്സും കാറുമൊക്കെ ഓടുന്ന പാത - പിറകുവശത്താണെങ്കിൽ കുളം. രണ്ടും അപകടം പിടിച്ചവ. എന്ത് ചെയ്യുകയാണെങ്കിലും - പഠിക്കുകയാണെങ്കിൽക്കൂടി എന്റെ കുഞ്ഞുപെങ്ങൾ അരികിലുണ്ടാകും.

അവളെ ഒരു രോഗം ബാധിച്ചു. അച്ഛൻ ആവുന്നതെല്ലാം ചെയ്തു. ആയുര്വേദ വൈദ്യനെക്കാണിച്ചു മരുന്നുകൾ കൊടുത്തു. മുഖവും കാലുകളുമൊക്കെ നീരുകെട്ടും. കുറേക്കഴിഞ്ഞാൽ പോകും, വീണ്ടും വരും.

ഒരിക്കൽ, ആറാം ക്ലാസ്സിലേക്ക് കടന്ന ഞാൻ ഹോംവര്ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ, ദേവിയുടെ കണ്ണുകൾ മറിഞ്ഞു മറിഞ്ഞു പോകുമ്പോലെ.... വിളിച്ചിട്ട് കേൾക്കുന്നില്ല. . ഞാൻ നിലവിളിച്ചുകൊണ്ട് അമ്മയെയും മറ്റും അറിയിച്ചു. അവളെ ഉമ്മറത്തെ തിണ്ണയിൽനിന്ന് അകത്തെ കോലായിൽ കൊണ്ടുപോയി കിടത്തി. ബോധം വരുന്നതും കാത്തു ഞാൻ ഇരുന്നപ്പോൾ, ചുണ്ടുകൾ ഒന്നുരണ്ടു തവണ വിറപ്പിച്ചു. പിന്നെ അതുണ്ടായില്ല.
വേലായുധ വലിയച്ഛൻ സശ്രദ്ധം അവളെ വീക്ഷിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു: നിനക്ക് ഭാഗ്യമില്ല. അവൾ പോയി!

ഞാൻ വാവിട്ടു നിലവിളിച്ചു. ഞാനും വരും നെൻറെ കൂടെ... അങ്ങനെ എന്തൊക്കെയോ പുലമ്പി.

ഈ സംഭവം അമ്മയെയും, പ്രത്യേകിച്ച് അച്ഛനെയും വല്ലാതെ ബാധിച്ചു. കാലം മുന്നോട്ടുപോയി.പതുക്കെപ്പതുക്കെ എല്ലാവരും സ്വയം ആശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരെയും ആശ്വസിപ്പിച്ചു. ദേവിക്ക് താഴെ ഒരനിയത്തി. പിന്നീട് അവൾക്കു താഴെ വേറൊരനിയത്തി. വീണ്ടും കാലം കടന്നു പോയി. ഞാൻ വിവാഹിതനായി. എനിക്ക് രണ്ടു പെണ്മക്കൾ. ഇന്ന് അവരും കുടുംബിനികളായി.
എങ്കിലും ആ കൊച്ചുനക്ഷത്രം - എൻറെ ദേവി ഈ വയസ്സിലും എന്റെ ഓർമ്മകളിൽ... ചിന്തകളിൽ……. വല്ലപ്പോഴും സ്വപ്നങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. എൻറെ ബാലമനസ്സിന് ഏറ്റ മുറിവ് ഇക്കാലമത്രയും ഉണങ്ങാതെ, വല്ലപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കും. 

ഇന്നും ഒരു കൊച്ചുകുട്ടിയുടെ മനസ്സുള്ള എന്റെ കണ്ണുകൾ ഈറനണിയും. അതെ, സ്നേഹത്തിനു മരണമില്ല, ഈ സ്നേഹം എന്റെ മരണംവരെയും എന്നോടൊപ്പമുണ്ടാകും.




അദ്ധ്യായം 9 - ''ഒരു ശവ്ശര് വേണം.''

''എന്താണ്ടാ? ആരണ് നീ? ന്ത് വേണം?''
എം. എസ്. തൃപ്പുണിത്തറ, യോദ്ധ എന്ന സിനിമയിൽ ചോദിക്കുന്ന ചോദ്യശരങ്ങൾ - നീ ആരാണ്? ഹു ആർ യു? തും കോൻ ഹോ? - ഇപ്പോൾ അതാണ് ഒര്മ്മവന്നത്!
മൂന്നു ചോദ്യങ്ങൾ, എന്നാൽ എം.എസ്. തൃപ്പുണിത്തറയെപ്പോലെ അല്ലാതെ ഒട്ടും ദേഷ്യപ്പെടാതെ, ഒരല്പം ചിരിച്ചുകൊണ്ട് അച്ഛൻ അവനോടു ചോദിച്ചു. കുളി കഴിഞ്ഞുവന്നു, കിണ്ടിയിൽനിന്നു വെള്ളം എടുത്തു കാൽ കഴുകമ്പോഴാണ് അവനെ അച്ഛൻ ശ്രദ്ധിച്ചത്.
''ഒരു ശവ്ശര് വേണം.''
''ന്ത്?''
''ശവ്ശര്'' (ട്രൌസർസ് - നിക്കർ)!

അവൻറെ നില്പും, ഭാവവും, സംസാരവും കേട്ട് ഞങ്ങൾക്ക് (എനിക്കും ബാലേട്ടക്കും - എൻറെ മേമയുടെ മകൻ) ചിരിയും സഹതാപവുമൊക്കെ തോന്നി.
അച്ഛൻ വരുന്നതിനു മുമ്പ് അവൻ ഞങ്ങളെ കണ്ടിരുന്നു. ഏകദേശം അവൻറെ പ്രായത്തിലുള്ള ഞങ്ങളെ കണ്ടപ്പോൾ ഒരു നിക്കർ ചോദിച്ചാൽ (പഴയതെങ്കിലും) കൊള്ളാമെന്നു അവനു തോന്നി. ഞങ്ങളുടെ ഭാഗത്ത് പുതുതായി വന്ന പിച്ചക്കാരുടെ കൂട്ടത്തിൽ ഉള്ളവനോ, അതോ തമിഴ്നാട്ടിൽനിന്നു വന്ന കൂലിപ്പണിക്കാരുടെ മക്കളിൽപ്പെട്ടവനോ ആണെന്ന് തോന്നി.
അച്ഛൻ ‘’ഇവിടെ ഒന്നുമില്ലെ’’ന്ന് പറഞ്ഞപ്പോൾ അവൻ പോയി. അവൻ പോയപ്പോൾ ഞങ്ങൾക്ക് സങ്കടമായി. . ബാലേട്ട അകത്തുപോയി ഒരു പഴയ നിക്കറുമായി വന്നിട്ട് എന്നോട് പറഞ്ഞു:

''വല്ലാതെ വയറുകത്തുന്നെടാ (മനസ്സ് വേദനിക്കുന്നു) പൊന്നാ. നി നീ അവനെ കണ്ടാ ഇത് കൊടുത്തോ.''
ഉവ്വ്. അവനെ പുറത്തുവെച്ച് അന്നുതന്നെ കണ്ടു. വീട്ടിൽ വിളിച്ചുവരുത്തി അത് കൊടുത്തപ്പോൾ വല്ലാത്ത സന്തോഷമായി.

''ഒരു ശവ്ശര് വേണം'' - ആ ഡയലോഗ്.... അവന്റെ ദയനീയമായ ആ ഭാവം, അച്ഛൻ ചോദിച്ചപ്പോൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ ആവശ്യം ആവര്ത്തിച്ചത് - എല്ലാം കൌമാരവും, യൌവനവുമൊക്കെ കടന്നുപോയ ഈ കാലത്തും ഇന്നെന്നപോലെ ഓർക്കുന്നു. പാവം.



അദ്ധ്യായം 10 - മരണമില്ലാത്ത അദ്ധ്യാപകർ


മീരാൻകുട്ടി സാഹിബ് - അതാണ്‌ വീരാൻമാഷ്‌. അദ്ദേഹം എന്നെ യു. പി. സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകനായിരുന്നു. അച്ഛന്റെ സുഹൃത്തും (അച്ഛൻ വേറെ സ്കൂളിൽ ആയിരുന്നു എങ്കിലും). വീരാൻ മാഷിനെക്കുറിച്ച്, ഞാൻ എന്റെ ഈ ആത്മകഥാംശത്തിന്റെ ആദ്യഭാഗങ്ങളിൽ എഴുതിയിട്ടുണ്ട്.

അക്കാലത്ത് ഞാൻ മറ്റു വിഷയങ്ങളിൽ മെച്ചവും, കണക്ക് എന്ന വിഷയത്തിൽ മോശവുമായിരുന്നു. അത് മനസ്സിലാക്കിയ വീരാൻമാഷ്‌ ഒരിക്കൽ, ഏഴാം ക്ലാസ്സിൽ ആയിരിക്കുമ്പോൾ, എന്നോട് പറയുകയുണ്ടായി:
''നിന്നെ ഞാൻ ഇങ്ങനെ വിചാരിച്ചില്ല.''

അതായത്, അദ്ധ്യാപകന്റെ മകൻ ഇങ്ങനെ മോശമാവുകയോ? ഈ വാക്കുകൾ എന്റെ മനസ്സിൽ തട്ടി - വല്ലാതെ. എനിക്ക് മാത്രമല്ല, അച്ഛനും മോശം! ഞാൻ ഒരു പ്രതിജ്ഞ എടുത്തു. ശരിയാണ്. ഇനി അങ്ങനെ ആയാൽ പോരാ. ഇനി ഒരാൾ അങ്ങനെ പറയരുത്.

അടുത്ത വർഷം, ഹൈസ്കൂളിൽ കാൽകൊല്ല പരീക്ഷയുടെ, കണക്കിന്റെ മാര്ക്ക് ഷീറ്റുകൾ അദ്ധ്യാപിക - മീനാക്ഷി ടീച്ചർ വായിക്കാൻ തുടങ്ങി. കൂടുതൽ മാർക്ക് നേടിയവരുടെ കടലാസ്സുകൾ ആദ്യം എന്ന നിലയിൽ തുടങ്ങി:

എം. പ്രേമകുമാരൻ

ഞാൻ അന്തം വിട്ടു. കണക്കിൽ...........? ഞാൻ ഫസ്റ്റോ???
സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. ഞാൻ വീരാൻ മാഷിനെ മനസ്സിൽ നമിച്ചു. സാർ, താങ്കൾ എന്റെ അകക്കണ്ണ് തുറപ്പിച്ചു. എനിക്കതിന്റെ ഫലം കിട്ടി. നന്ദി, നന്ദി......

''അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്യത്തിലെത്തണം.....''

അതെ, ഇങ്ങനെയുള്ള മാതൃകാദ്ധ്യാപകർ വിദ്യാർത്ഥികളുടെ അകക്കണ്ണ് തുറപ്പിക്കുന്നവർ, അവരുടെ മരണശേഷവും വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ജീവിക്കുന്നു.



അദ്ധ്യായം 11 - ചാത്തന്‍

എൻറെ ചെറുപ്പത്തില്‍, അമ്മക്ക് ഒരു ഹോബിഉണ്ടായിരുന്നു - ഒന്നോ രണ്ടോ കോഴികളെ വളര്‍ത്തുക. മത്സ്യമാംസാദികളോ മുട്ടയോപോലും അമ്മയും അച്ഛനും ഞാനും കഴിക്കില്ല എങ്കിലും അമ്മക്ക് അതൊരു രസമായിരുന്നു!

കോഴിക്കുഞ്ഞിനെ എവിടെനിന്നെങ്കിലും സംഘടിപ്പിക്കും - അത്ചാത്തന്‍ആയാലും പെട്ട ആയാലും (ഞങ്ങളുടെ ഭാഗത്ത്പൂവന്‍കോഴിയെ ചാത്തന്‍ എന്നും പിടക്കോഴിയെ പെട്ട എന്നുമാണ് പറയുക.)
അങ്ങിനെ, കൊണ്ടുവന്ന ഒരു കുക്കുടശിശു കുറച്ചുകൂടി വളര്‍ന്നു വലുതായപ്പോള്‍ മനസ്സിലായി അത് ചാത്തന്‍ ആണ് എന്ന്.അല്ലാതെ വേറെ വഴിയില്ലായിരുന്നു.

ചാത്തന്‍ വളര്‍ന്നു. അങ്കവാലും അങ്കക്കലിയുമായി അവന്‍കറങ്ങി നടന്നു. അയല്‍പക്കത്തെ കുക്കുട തരുണികളുമായി ലോഹ്യം കൂടി. അവരെ ഹോട്ടലില്‍കൊണ്ടുപോയി. വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തു. സിനിമക്ക് കൊണ്ടുപോയി. കറക്കം തന്നെ കറക്കം.  ഇടയ്ക്കു നെന്മണിയും വെള്ളവും ഒക്കെ തയ്യാറാക്കിവെച്ചത് വന്നു ഒരുകൈ നോക്കിയിട്ട് പോകും.

ആദ്യമാദ്യം, വൈകുന്നേരം ആകുമ്പോള്‍ കൂട്ടിലടയ്ക്കാൻ വിളിച്ചാല്‍, വരാന്‍ വലിയപാടായിരുന്നു. പിന്നെ,
പിന്നെ അമ്മയെ പേടിയോ അനുസരണയോ ഒക്കെ ആയി. അപ്പോള്‍, അമ്മ പറയും: ഓ, സര്‍ക്കീട്ടൊക്കെ
കഴിഞ്ഞു വന്നുവോ?. അത് കേട്ട്കൊക്കോ കൊക്കോ എന്ന് പറഞ്ഞു ഒന്ന് രണ്ടു സ്റെറപ്സ്‌ പുറകിലേക്കും
മുമ്പിലേക്കും വെക്കും. "ഓ, സേട്ടൂനു പറഞ്ഞത്പിടിചില്ല്യാന്നുതോന്നുണൂ'', അമ്മ വീണ്ടും.
ഞാനും സമയം കിട്ടുമ്പോള്‍ ചാത്തന്‍ 'സേവ'യുമായികൂടെ കൂടുമായിരുന്നു.

അലക്കുപണിയുള്ള (മണ്ണാത്തി ഒരു പെട്ട ഉണ്ടായിരുന്നു. പെട്ട എന്നത് ആ സ്ത്രീയുടെ ഓമനപ്പേര് ആവാം. ഒരിക്കല്‍, ഞാന്‍ അമ്മയോട് ചോദിച്ചു, ''അവരുടെ ഭര്‍ത്താവിന്റെ പേര്ചാത്തന്‍ എന്നാണോ അമ്മേ.'' അതുകേട്ടു അമ്മയും കൂടെയുണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു.

പിന്നീട്, ഞാന്‍ സാക്ഷാല്‍ ചാത്തനെക്കുറിച്ചും ചാത്തന്‍സേവയെക്കുറിച്ചുമൊക്കെ.മറ്റുള്ളവര്‍ പറയുന്നത് കേട്ടു.

ഇന്നും, ചാത്തന്‍ എന്ന് പേര് എവിടെ കേട്ടാലും എൻറെ ഈ പഴയ അങ്കവാലനെ, പൂവാലനെ ഓര്‍മ്മവരും.



അദ്ധ്യായം 12 - തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാൽ......

എൻറെ കുട്ടിക്കാലത്ത്, യുവ ജന സംഘം (YOUNG MEN’S ASSOCIATION - ചുരുക്കത്തില്‍, YMA) എന്ന പേരില്‍ ഒരു കലാസംഘടന ഉണ്ടായിരുന്നു. അന്നത്തെ ചെറുപ്പക്കാരായ, പരേതനായ വേലുമാസ്റ്റർ, കെ. രാമചന്ദ്രന്‍ എന്നിവരൊക്കെ അതിൻറെ സജീവപ്രവർത്തകരും. വര്‍ഷംതോറും ഒരു ദിവസം, നൃത്തനൃത്യങ്ങളും നാടകവും മറ്റുമായി ആഘോഷിക്കും.

നാടകം തിരഞ്ഞെടുക്കുന്നതില്‍ മെമ്പര്‍മാര്‍ക്ക് അതീവശ്രദ്ധയുണ്ടായിരുന്നു. മതപരമായ പശ്ചാത്തലവും, ആചാരാനുഷ്ഠാനങ്ങളും ഒന്നും വലിയ പരിചയമില്ലെങ്കിലും C.L. ജോസിന്റെ നാടകങ്ങളും മറ്റും തിരഞ്ഞെടുത്ത് വളരെ നല്ലരീതിയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒരു സുഹൃത്ത് അന്ന് തമാശക്ക് ചോദിക്കുകയും ചെയ്തു - ഇത് YMAയോ, അതോ YMCAയോ (YOUNG MEN’S CHRISTIAN ASSOCIATION)!

മുകളില്‍പ്പറഞ്ഞ വസ്തുത എഴുതാന്‍ കാരണം വേറൊന്നുമല്ല. YMAയുടെ മെമ്പര്‍മാരുടെ തുറന്ന മനസ്ഥിതിയെയാണ് അത് കാണിക്കുന്നത്. ഞങ്ങള്‍ക്ക് ഇവിടെ ജാതിയോ, മതമോ, ആചാരങ്ങളോ ഒന്നും പ്രശ്നമല്ലെന്നും, ഞങ്ങള്‍ മനുഷ്യരും കലാസ്നേഹികളുമാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന വിധത്തിലുള്ള പെരുമാറ്റം! ഇതൊക്കെ നടത്തിയതോ, കോഴിക്കാട്ടു ഭഗവതിയുടെ മന്ദത്തിൻറെ തൊട്ടുകിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തും!

YMAയുടെ ഓഫീസ്, ഗ്രാമത്തിലെ പേരുകേട്ട വ്യാപാരിയായ അഹമ്മദ് കബീറിൻറെ കടയുടെ തൊട്ടടുത്തായിരുന്നു. ഞാന്‍, നമ്മുടെ നാട്ടുകാരുടെ തുറന്ന മനസ്ഥിതിയെപ്പറ്റി (ജാതിയോ, മതമോ ഒന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ല എന്നമട്ടിലുള്ള) പറയുമ്പോള്‍, എന്റെ സുഹൃത്തും അഹമ്മദ് കബീറിന്റെ മകനുമായ അബ്ബാസിനെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. അബ്ബാസ് ഒരു മുസല്‍മാനാണെങ്കിലും, സംസ്കൃതം ആയിരുന്നു മുഖ്യവിഷയമായി തിരഞ്ഞെടുത്തത്. പില്‍ക്കാലത്ത്, നമ്മുടെ നാട്ടിലെ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ അറബിക് ടീച്ചര്‍ ഗോപാലിക അന്തര്‍ജനത്തെയും, കഥകളി ആലാപനത്തില്‍ പേരുകേട്ടിരുന്ന കലാമണ്ഡലം ഹൈദെരാലിയെയും മറ്റും ഞാന്‍ ഓര്‍ത്തുപോയി.

അബ്ബാസ്, സ്കൂള്‍ സമയം കഴിഞ്ഞാല്‍, ബാപ്പയുടെ കടയില്‍ ഉണ്ടായിരിക്കും. ഞാന്‍, ഒരാഴ്ച - പത്തു ദിവസങ്ങള്‍ കൂടുമ്പോള്‍ അവിടെനിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍, അബ്ബാസ് എന്നോട് അല്പം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു, സ്ററവ്വിൽ ചായ തിളപ്പിക്കാന്‍ പോയി. അബദ്ധവശാല്‍ തീ അടുത്തുള്ള വെല്ലപ്പായയില്‍ കടന്നു പിടിച്ചു. അബ്ബാസ് നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടി. പന്തികേട്‌ മനസ്സിലാക്കി, പരിഭ്രമിച്ച ഞാനും കടയിൽനിന്നിറങ്ങി ഓടി. അയല്‍ക്കാരെല്ലാം കൂടി ഒരുവിധം തീ അണച്ചു. ഞാന്‍ പതുക്കെ തിരിച്ചു കടയില്‍ വന്നു. അപ്പോള്‍ അബ്ബാസ് പറഞ്ഞ വാചകം ഞാന്‍ ഓര്‍ക്കുന്നു: "എടോ നായരെ, തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാ......" എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല.

ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ബാസിനെ കണ്ടപ്പോള്‍ മുകളില്‍പ്പറഞ്ഞ സംഭവം ഓര്‍മ്മിപ്പിച്ചു. അയാള്‍ ചിരിച്ചു. ഞാന്‍ എഴുതിയ ഒരു ബുക്കിൻറെ കോപ്പിയും സമ്മാനിച്ചു. അത് തിരിച്ചും മറിച്ചും നോക്കി, അബ്ബാസ് നന്ദി പറഞ്ഞു.


അദ്ധ്യായം 13 - പാവക്കൂത്ത്



നാം മലയാളികള്‍ക്ക്, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻറെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) പരിചിതമാണല്ലോ? എൻറെ ദേശക്കാര്‍ക്ക് അതുമാത്രമല്ല, തമിഴ്കവി കമ്പരുടെ കമ്പരാമായണവും ഏറെ പരിചിതമാണ്. എങ്ങനെയാണെന്നോ? പാവക്കൂത്ത് വഴി.

പാവക്കൂത്ത് അവതരിപ്പിക്കുന്നവരെ പുലവര്‍ (കൂത്തുകവികൾ) എന്ന് വിളിക്കുന്നു. ഇത് പാലക്കാട്‌ ജില്ലയില്‍ കണ്ടുവരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു കലാരൂപമാണ്‌!
രണ്ടാഴ്ചകൾകൊണ്ട് (രാത്രികളില്‍) കമ്പരാമായണം കഥ മുഴുവനാക്കുന്നു. കഥാപാത്രങ്ങളെ തോല്പാവകൾ വഴി, സന്ദര്‍ഭത്തിനനുസരിച്ച് കൊണ്ടുവരുന്നു. നീളത്തിലുള്ള തിരശ്ശീലകളുടെ പിന്നില്‍ പാവകളെ നിരത്തുകയാണ്. നാളികേരവിളക്കുകളുടെ വെളിച്ചത്തില്‍ പാവകളുടെ നിഴല്‍ നല്ലപോലെ കാണികള്‍ക്ക് കാണാം. പുലവര്‍ പറയുന്ന കഥ കേള്‍ക്കാം.

ഓലപ്പായും തലയിണയും എടുത്തു കൂത്തുമാടത്തിനു മുമ്പിലുള്ള പറമ്പില്‍ കിടന്നുകൊണ്ട് കൂത്ത്‌ കാണാം. ഉറക്കം വന്നാല്‍, സുഖമായ കാറ്റുകൊണ്ടു ഉറങ്ങാം. സ്കൂള്‍ അവധിക്കാലമായതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍, ചില കുട്ടിക്കുരങ്ങന്മാര്‍ അടങ്ങുന്ന ഒരു ചെറിയ സംഘം, പുറത്തു കിടന്നു ബോറടിക്കുമ്പോള്‍ പതുക്കെ കൂത്തുമാടത്തിനകത്തു കടക്കും. അവിടത്തെ കല്ത്തിണ്ണയിലോ താഴെയോ കിടക്കും. നിശ്ശബ്ദരായിരിക്കുകയും, പുലവര്‍ക്കും കൂട്ടാളികള്‍ക്കും ശല്യം ഉണ്ടാക്കാതിരിക്കുകയും ചെയ്‌താല്‍ മതി.

അങ്ങനെ ഒരു ദിവസം, കൂടെയുള്ള ഒരു പയ്യന്‍ (പ്രഭാകരന്‍) മുകളില്‍ തിണ്ണയില്‍ കിടക്കുകയായിരുന്നു. താഴെ വെളിച്ചപ്പാടും. ഉറക്കത്തില്‍, പ്രഭ അതാ കെട - വെളിച്ചപ്പാടിന്റെ മേലെ, ചക്ക വെട്ടിയിട്ടപോലെ വീണു. വെളിച്ചപ്പാട് ഞെട്ടി എഴുന്നേറ്റു. പിന്നത്തെ കാര്യം പറയണോ? പുലവന്മാരെ ശല്യം ചെയ്യാത്ത വിധം, ആംഗ്യഭാഷയില്‍, ക്രുദ്ധനായിക്കൊണ്ട്, ഞങ്ങളെ അവിടെനിന്നും ഓടിച്ചു.

എന്തായാലും, ആ സംഭവം, കുറെക്കാലത്തേക്ക് ഞങ്ങള്‍ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയായി. പ്രഭാകരന്‍ ഇന്നില്ല.
കൂത്തിലെ പല ഭാഗങ്ങളും വളരെ താത്പര്യജനകമായിരിക്കും. ഉദാഹരണമായി, ലങ്കാദഹനം. ഒരു പുലവര്‍, ഹനുമാന്റെ പാവയെ തിരശ്ശീലയുടെ പിന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചാടിച്ചുകൊണ്ട്‌ പോകും. വേറൊരു പുലവര്‍, ഹനുമാന്റെ വാലിന്റെ സ്ഥാനത്ത് ഒരു കൊച്ചു പന്തം കൊളുത്തിയതും പിടിച്ചുകൊണ്ടു അതിനനുസരിച്ച് ഒപ്പം നീങ്ങും. ഇത് നിഴല്ക്കൂത്തായി പുറമേനിന്നു കാണാന്‍ നല്ല രസമായിരിക്കും. അകമ്പടിക്ക്‌ വാദ്യവും.

ഒരു ദിവസത്തെ കൂത്ത്‌ നടത്തുന്നതിനും മറ്റും നല്ല ചെലവ് വരും. അത് ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നതിന് അനുസരിച്ചും മറ്റും ഓരോ തറവാട്ടുകാര്‍ ഏറ്റെടുക്കും.

കഥയുടെ അവസാനം, ശ്രീരാമ പട്ടാഭിഷേകം. ഇതിനെയാണ് ഇവിടെ കൂത്തഭിഷേകം എന്ന് പറയുന്നത്. പകലും രാത്രിയും മൂന്ന് ആനകള്‍ അടങ്ങുന്ന എഴുന്നെള്ളത്തും, വേലയും ഒക്കെ ഇതിന്റെ ഭാഗമാണ്.

യശശ്ശരീരനായ സംവിധായകപ്രതിഭ, അരവിന്ദന്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK)യുടെ ലോഗോ രൂപകല്‍പ്പന ചെയ്തത് ഈ തോല്പാവയെ ആസ്പദമാക്കിയാണ്.



അദ്ധ്യായം 14 - അഭിനവ കുമാരസംഭവം 
.
.
ചോണുക്കുട്ടി ജയിച്ചിടാവൂ,
രാമന്‍കുട്ടിയോടൊത്ത്.......

മാലങ്കോട്ടെ തറവാട്ടിലെ ചുവരില്‍ ഈ അടുത്തകാലത്ത് വരെ (വീട് പൊളിച്ചു മാറ്റുന്നതുവരെ) ഉണ്ടായിരുന്നു - ഏകദേശം ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ് തൂക്കിയിട്ട ആ മംഗളപത്രം! അമ്മയും അച്ഛനും ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി. അച്ഛന്റെയും അമ്മയുടെയും വിവാഹം മുരുകമാമ (അമ്മയുടെ അമ്മാവന്‍) - മാലങ്കോട്ടെ മുരുകന്‍ നായര്‍, മുടപ്പല്ലൂര്‍ എന്ന തറവാട്ടു കാരണവര്‍ ആയ കവി വഴിക്കുതന്നെയായിരുന്നു. സ്കൂള്‍ മാനേജരും ഹെഡ് മാസ്റ്ററുമായിരുന്ന മുരുകമാമയുടെ അതേ സ്കൂളില്‍അദ്ധ്യാപകനായിരുന്നു അച്ഛന്‍.
കണ്ണിലുണ്ണിയായി വളര്‍ത്തിയ ഈയുള്ളവനെ, പഴനിയില്‍ കൊണ്ടുപോയി ചോറ് കൊടുക്കണം എന്ന് മുരുകമാമ അച്ഛനെയും അമ്മയെയും ഉപദേശിച്ചു. (തന്റെ പേരും മുരുകന്‍ എന്നാണല്ലോ എന്നാണു അച്ഛന്‍ വ്യംഗ്യഭാഷയില്‍ പറഞ്ഞത്.) ഇനി ആ പേരുതന്നെ ഇടണം എന്ന് പറയുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ആയിക്കൂടാ - എന്നാല്‍ മുരുകന്‍ എന്ന് വേണ്ടാ, മുരുകന്റെ വേറെ ഏതെങ്കിലും പേര് ആകട്ടെ എന്നായത്രേ. അങ്ങിനെ കുമാരന്‍ എന്ന പേര് തീര്‍ച്ചയാക്കി. വെറും കുമാരന്‍ ഒരു രസംപോരാ കുറച്ചു സ്നേഹവും അവിടെ കിടക്കട്ടെ എന്ന് മുരുകമാമയുടെ വേറൊരു മരുമകള്‍ പറഞ്ഞു - അതത്രേ പ്രേമകുമാരന്‍!
പറഞ്ഞപോലെതന്നെ പഴനിയില്‍ വെച്ചായിരുന്നു എന്റെ ചോറൂണും പേരിടീലും നടന്നത്. വഴിയില്‍ വെച്ച് മുത്തശ്ശിയെയും (അച്ഛമ്മ) അഞ്ചു വയസ്സുകഴിഞ്ഞ പേരമകനെയും (അച്ഛന്‍പെങ്ങളുടെ മകനെ) കാണാതായി, അവസാനം കണ്ടുപിടിച്ച കഥ അച്ഛന്‍ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
ഇങ്ങിനെയൊക്കെ ആണെങ്കിലും, സന്ദര്‍ഭവശാല്‍ എഴുതട്ടെ - മുരുകനില്‍ മാത്രമല്ല ജനിച്ച മതത്തിലെ അറിയപ്പെടുന്ന ഏതു ദേവീദേവന്മാരുടെ പേരുകളിലും, അതുപോലെതന്നെ മറ്റു മതങ്ങളിലെ ദൈവ സങ്കല്പങ്ങളിലും ഞാന്‍ ആ ''ശക്തിവിശേഷത്തെ'' - പ്രപഞ്ച ശക്തിയെ/ദൈവത്തെ കാണുന്നു. സ്വാര്‍ത്ഥതല്പരരായ മനുഷ്യജീവികള്‍ ആണ് തങ്ങളുടെ തുലോം തുച്ഛമായ അറിവിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെയും, മനുഷ്യനെയും, മതത്തെയും എല്ലാം വേര്‍തിരിക്കുന്നത് എന്നും, അങ്ങനെ നോക്കുമ്പോൾ വിവേകബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യൻ തുലോം വിഡ്ഢി ആണെന്നും.


.
അദ്ധ്യായം 15 - മുത്തിയമ്മയും ബ്രാഹ്മണനും
.
ഞാൻ നാട്ടിൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. എനിക്ക് ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയനേതാവ് വരുന്നു. പാലക്കാട് പാർലിമെന്റ് സീറ്റിലേക്ക് അദ്ദേഹം മത്സരിക്കുന്നു. തീർച്ചയായും കാണണം. (എനിക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാക്കൾ പല പാർട്ടികളിലും ഉണ്ട്. അവരുടെ വ്യക്തിത്വത്തെ ഞാൻ ഇഷ്ടപ്പെടുന്നു).
നേതാവ് വന്നു. അദ്ദേഹം കേരളത്തിൽ എന്നല്ല, ഭാരത രാഷ്ട്രീയത്തിൽ തന്നെ പേരുകേട്ട ആൾ ആണ്.
പ്രസംഗം ആരംഭിച്ചു. തികച്ചും ലളിതം. രണ്ടു കഥകൾ ഉദ്ധരിച്ചുകൊണ്ട് ഏതാനും മിനിട്ടുകൾ സംസാരിച്ചു. കഥകൾ ഇങ്ങിനെ:
1. ഒരു ഗ്രാമത്തിൽ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. മുത്തിയമ്മക്ക് ഒരു പൂവൻ കോഴിയും. പൂവൻകോഴി പുലർച്ചെ കൂവി മുത്തിയമ്മയെ ഉണർത്തും. ആ കൂവൽ കേട്ടാണ് ഗ്രാമവാസികളും ഉണരുന്നത്. അങ്ങിനെയിരിക്കെ, മുത്തിയമ്മക്ക് ഗ്രാമവാസികളിൽ ചിലരുമായി ഇഷ്ടക്കേടായി. മുത്തിയമ്മ വിചാരിച്ചു - എന്റെ കോഴി ഉള്ളതുകൊണ്ടാണ് ഇവരൊക്കെ കാലത്ത് എഴുന്നേൽക്കുന്നത്. ഞാൻ ശരിയാക്കിത്തരാം. മുത്തിയമ്മ കോഴിയും അത്യാവശ്യം സാധനങ്ങളുമായി ആരും അറിയാതെ അകലെ ഒരു ബന്ധുവീട്ടിൽ താമസിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം അതുവഴി വന്ന പഴയ ഒരു ഗ്രാമവാസിയോടു ചോദിച്ചു - നമ്മുടെ ഗ്രാമത്തിൽ ഇപ്പോൾ ആരും കാലത്ത് ഉണർന്നെഴുന്നേൽക്കുന്നില്ലല്ലോ? (കോഴി എൻറെകൂടെ അല്ലേ എന്നാണു മനസ്സിൽ!)
2. ഒരാൾ ശ്രദ്ധിച്ചു - ബ്രാഹ്മണർ മൂത്രം ഒഴിക്കുമ്പോൾ പൂണുനൂൽ ചെവിയിൽ തിരുകുന്നുണ്ട്. അതായത്, അങ്ങിനെ ചെയ്താലേ അവർക്ക് മൂത്രം പോകൂ എന്നായിരിക്കും! ഇയാൾക്കാണെങ്കിൽ ബ്രാഹ്മണരെ ഇഷ്ടമല്ല. അവർക്കൊക്കെ വംശനാശം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുമ്പോൾ ആണ് ഇങ്ങിനെ ഒരു കാര്യം ശ്രദ്ധിച്ചത്. അപ്പോൾ? പൂണുനൂൽ കിട്ടാതിരിക്കാനുള്ള വഴി നോക്കണം. അപ്പോൾ, പഞ്ഞി കിട്ടാതിരിക്കണം. പഞ്ഞി പൂളമരത്തിൽ നിന്നാണല്ലോ. അപ്പോൾ, നാട്ടിലുള്ള പൂളമരങ്ങൾ എല്ലാം മുറിച്ചു കളയുക! അപ്പോൾ, പഞ്ഞി ഇല്ല, പൂണുനൂൽ ഇല്ല, ഇവർ പൂണുനൂൽ ഇടില്ല, മൂത്രം പോകില്ല, അങ്ങനെ ഒക്കെ ചത്തുപൊക്കോളും!
ഈ കഥകളിൽ പറയുന്ന പോലെ ആണ് (മുത്തിയമ്മയും, ബ്രാഹ്മണരുടെ ഈ ശത്രുവും) .........................പാർട്ടിയുടെ വിചാരം! നിർത്താത്ത കൈടികൾക്കവസാനം അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു അടുത്ത സ്ഥലത്തേക്ക് തിരിച്ചു.
അഞ്ചാംതവണയും പാർലിമെന്റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആ നേതാവ് വേറെ ആരും ആയിരുന്നില്ല. നെഹ്‌റു കൈ കൊടുത്തു സ്വീകരിച്ച ആ നേതാവ് - എകെജി ആയിരുന്നു.

     

എൻറെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും

അദ്ധ്യായം 16 - കുംഭക്കളി
.
.
പാവക്കൂത്തിനും അതുമായി ബന്ധപ്പെട്ട കുറെ സ്മരണകൾക്കും ശേഷം, മാരിയമ്മന്‍കോവിലിനെ ചുറ്റിപ്പറ്റിയുള്ള ചില ഓര്‍മ്മകളിലേക്ക് ഞാന്‍ കടക്കട്ടെ.
ഇതിനുമുമ്പ് ഞാന്‍, മറുനാടന്‍ മലയാളി എന്ന് എന്നെപ്പറ്റി പറഞ്ഞപ്പോള്‍, എന്റെ സ്മൃതിപഥത്തിലേക്ക് വേറൊരു കാര്യം കടന്നുവന്നു. അതെന്തെന്നാല്‍, അതേപേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ കണ്ടിരുന്നു. റിലീസ് ആയി വരുമ്പോഴേക്കും പേരില്‍ ചെറിയൊരു വ്യത്യാസം വന്നു - മറുനാട്ടില്‍ ഒരു മലയാളി! പ്രേം നസീറും വിജയശ്രീയും അഭിനയിച്ച ആ ചിത്രത്തില്‍ മറക്കാനാവാത്ത ഒരു കുംഭക്കളിയും ഗാനവുമുണ്ട്.
ആ ഗാനം ഓര്‍മ്മയില്‍നിന്നും എഴുതട്ടെ:

"കാളീ ഭദ്രകാളീ
കാത്തരുളൂ ദേവീ
മായേ മഹാമായേ
മാരിയമ്മന്‍ തായേ
അമ്മന്‍കുടമേന്തി
ആടി ആടിവന്നേന്‍............"

ഈ കുംഭക്കളി (ആട്ടക്കുംഭം) തിരുവഴിയാട്ടുകാര്‍ക്ക് സുപരിചിതമാണ്. പുത്തന്‍തറയിലെ മാരിയമ്മന്‍ കോവിലിലെ ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്നതാണിത്. കോവിലിലെന്നപോലെ, കോഴിക്കാട് ഭഗവതിയുടെ മന്ദത്തിന്റെ മുമ്പിലും കുംഭക്കളി ആടാറുണ്ട്‌. കോവിലില്‍ "തീക്കുഴിച്ചാട്ടം" തുടങ്ങിയ ആചാരങ്ങളും നടക്കുന്നു.

പുത്തന്‍തറയിലെ ദേവദാസ് മാസ്റ്ററെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - പ്രസിഡന്റിന്റെ ഗോള്‍ഡ്‌ മെഡല്‍ കരസ്ഥമാക്കിയ "സ്വയംവരം" എന്ന ചിത്രത്തിന്റെ സൌണ്ട്റിക്കാര്‍ഡിംഗ് എന്‍ജിനിയര്‍. ഒരു ഹൈ സ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്ത്, പിന്നീട് പൂനെ ഫിലിം ഇന്സ്ടിടുടില്‍ ചേര്‍ന്ന് പഠിച്ചു, സൌണ്ട് റിക്കാര്‍ഡിങ്ങില്‍ പ്രാവീണ്യം നേടുകയും, ക്രമേണ ഉന്നതങ്ങള്‍ കീഴടക്കുകയും ചെയ്ത പ്രതിഭ. ഇനി, പ്രസിഡന്റിന്റെ ഗോള്‍ഡ്‌ മെഡല്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ഈ ഖണ്ഡിക എനിക്ക് മുഴുവനാക്കാന്‍ പറ്റില്ല - പ്രസിഡണ്ടിൽ നിന്നും അവാര്‍ഡ്‌ വാങ്ങിയ മോനിക്കാ മേനോന്‍ എന്ന ബാലതാരത്തിന്റെ (Human Encyclopaedia) പേരുകൂടി ഇവിടെ കുറിച്ചില്ലെങ്കില്‍.






അദ്ധ്യായം 17 - അമ്മുത്തായ്

"പണത്തിനു മീതെ പരുന്തും പറക്കില്ല" എന്നൊരു ചൊല്ലുണ്ടല്ലോ. എന്നാല്‍, കാപട്യം നിറഞ്ഞ ഈ ജീവിതത്തിലും, പണം കൊടുത്താല്‍ കിട്ടാത്ത ചിലത് ഉണ്ടെന്നു തോന്നുന്നില്ലേ? സംസ്ക്കാരം, പാരമ്പര്യം, തറവാടിത്തം, ആത്മാര്‍ത്ഥമായ സ്നേഹം മുതലായവയൊക്കെ അതില്‍പ്പെടും.
വര്‍ഷങ്ങളായുള്ള പ്രവാസജീവിതത്തില്‍, വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ പ്രത്യേകിച്ച്, ഈ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടില്‍ പോയപ്പോള്‍, അമ്മ ഒരിക്കല്‍ പറഞ്ഞു:
"ആ അമ്മുത്തായ്നെ ഒന്നുപോയ് കാണ്‌ ട്ടോ. വയ്യാ തള്ളക്ക്. നെന്നെ എപ്പഴും ചോയ്ക്കും."
അമ്മുത്തായ് - എന്റെ മനസ്സില്‍ ആ രൂപം തെളിഞ്ഞു. ഇരുനിറം. അധികം നിറമില്ലാത്ത, എന്നാല്‍ മുഷിഞ്ഞതല്ലാത്ത മുണ്ട്. തോളില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രം. നാട്ടിന്‍പുറങ്ങളിലെ പണ്ടത്തെ ചായക്കടകളില്‍ ചായ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന അല്പം നീളമുള്ള ചായസഞ്ചികളെ ഓര്‍മ്മിപ്പിക്കുമാറ് തൂങ്ങിക്കിടക്കുന്ന മാറിടം. 'റ' എന്നക്ഷരം തലതിരിച്ചെഴുതി അതിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചാല്‍ എങ്ങിനെയിരിക്കും - അങ്ങിനെ കാണപ്പെടുന്ന കാതുകള്‍. മുറുക്കിച്ചുവപ്പിച്ച, അവശേഷിച്ച ഏതാനും പല്ലുകള്‍ വെളിയില്‍ കാണത്തക്കവിധമുള്ള ചിരി - ഇത്രയും ആയാല്‍ അമ്മുത്തായ് അമ്മൂമ്മയായി.
പണ്ട്, മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കാലത്തുള്ള പണിക്കാരില്‍ ഒരാള്‍ ആണെന്ന് തോന്നുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍, ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ 'ചാത്തൂര്‍'ക്ക് പോയിക്കഴിഞ്ഞിരുന്നു. അമ്മുത്തായ് എന്നെങ്കിലുമൊക്കെ തറവാട്ടിലേക്ക് വരും - ആ സ്നേഹം എന്നും കാത്തുസൂക്ഷിച്ചുകൊണ്ട്.
ഒരിക്കല്‍, മേമയുടെ (ചെറിയമ്മയുടെ) മകന്‍ പറഞ്ഞു:
"അമ്മേ, അതാ അമ്മാ തായേ വരുണൂ." (അമ്മുത്തായ്നെ കളിയാക്കിയതാണ്.) അതുകേട്ടുംകൊണ്ട് വരുന്ന അമ്മുത്തായ് ചിരിച്ചുകൊണ്ട് പറഞ്ഞു:
"പോടാ തൂമക്കണ്ണാ” (ചീത്ത വിളിക്കുകയാണ്‌ എന്നാണ് വെപ്പ്. എന്നാല്‍ തൂമ എന്ന വാക്കിന്റെ അര്‍ത്ഥം ഭംഗി എന്നാണല്ലോ. അപ്പോള്‍, തൂ മ ക്ക ണ്ണ ന്‍ എന്ന് പറഞ്ഞാല്‍,താമരക്കണ്ണന്‍ എന്നൊക്കെ വിളിക്കുമ്പോലെതന്നെയാണ്. അത് അറിഞ്ഞിട്ടോ അതോ അറിയാതെയോ, അമ്മുത്തായ് പറഞ്ഞത് അങ്ങിനെയാണ്!)
ഒരിക്കല്‍, ഞാന്‍ കളത്തിലേക്ക്‌ (കറ്റക്കളം) പോകുമ്പോള്‍, വഴിയില്‍വെച്ച് കേട്ടു:
"ഒവടക്കാണ് മകനേ?" - ചിരിച്ചുകൊണ്ട് അമ്മുത്തായ് ചോദിക്കുന്നു.
"കളത്തില്ക്ക്."
"ഈ വഴ്യെണ് കിട്ട്യേത്‌? വരമ്പിന്റെ വക്കിലൊക്കെ അയ്യപ്പിള്ളേര് വൃത്തികേടാക്കീട്ടിണ്ട്."
"സാരൂല്യാ, ഞാന്‍ നോക്കിപ്പൊക്കോളാ."
''ന്റെ മകന്റെ ചെറുമിക്കുട്ടി പ്പഴും കണ്ണി ലിരിക്ക്ണൂ ട്ടാ.''
ഞാന്‍ ചിരിച്ചു. ** കണ്യാര്‍ കളിയില്‍ ഞാന്‍ അവതരിപ്പിച്ച കാളി എന്ന ചെറുമിപ്പെണ്ണിനെയാണ് അമ്മുത്തായ് സൂചിപ്പിച്ചത്.
പാടവരമ്പുകളില്‍ക്കൂടിയുള്ള ആ വഴി ഒരു എളുപ്പവഴി ആണ്. മാത്രമല്ല, പ്രഭാതത്തിലെ അരുണകിരണങ്ങളേറ്റ് ശോഭിക്കുന്ന പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട്‌, മൂളിപ്പാട്ടും പാടിക്കൊണ്ടുള്ള ആ നടപ്പ് - എന്തൊരു രസം. മൂളിപ്പാട്ട് ആരും ഇല്ലാത്ത സ്ഥലത്തെത്തുമ്പോള്‍ അല്പം ഉറക്കെത്തന്നെ ആകും! സംഗീതജ്ഞരായി കൂട്ടിനു കിളികളും തവളകളും ഒക്കെ ഉണ്ടാകും. ഇതാണ് ഞാന്‍ പറഞ്ഞത് - ഈ അനുഭൂതികളും ഒരിക്കലും എവിടെനിന്നും വാങ്ങാനോ കടമെടുക്കാനോ പറ്റുന്നവയല്ലല്ലോ.
ഓര്‍മ്മകള്‍ അങ്ങിനെ ഓരോന്നായി വന്നു. ഞാന്‍ അമ്മ പറഞ്ഞപ്രകാരം, അമ്മുതായ്നെ ചെന്ന് കണ്ടു. അല്പം വേച്ചുവേച്ചുകൊണ്ട്, വടി കുത്തിക്കൊണ്ടു വരുന്നു. കാറ്റത്ത്‌ ഉലയുന്ന തിരിനാളം പോലെ. ആദ്യം എന്നെ മനസ്സിലായില്ല എന്ന് തോന്നി. ഞാന്‍ പേര് പറഞ്ഞു. ആ കണ്ണുകള്‍ തിളങ്ങി.
ആരപ്പാ ഇത്? അപ്പ്ടി അച്ഛനെപ്പോലെ ഇരിക്കുണൂട്ടാ. ഇരിക്കീ,
* മൂത്താരൂട്ടീ."
കുറച്ചുനേരം അവിടെ ഇരുന്നു വര്‍ത്തമാനം പറഞ്ഞു, ഇറങ്ങുന്നതിനു മുമ്പ്, ഞാന്‍ പോക്കറ്റില്‍ കരുതിയിരുന്ന കുറച്ചു രൂപ ഏല്പിച്ചപ്പോള്‍, അമ്മുത്തായ് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാന്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. "നാന്‍ ഇതിനോന്നുല്ലപ്പ എന്റെ മക്കളെ കാണണംന്നു അമ്മനോട് പറഞ്ഞത്.” ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം അമ്മുത്തായ് പറഞ്ഞു:
"എവിടെന്കിലുക്കെ പോയി നന്നായിരിക്കീ."
അമ്മുത്തായ് – മറക്കാത്ത പേര് - മറക്കാത്ത രൂപം. അതെ, ഇവിടെ മനുഷ്യര്‍ എന്തെല്ലാം കാട്ടിക്കൂട്ടുന്നു. അക്ഷരാഭ്യാസം പോലും ഇല്ലാത്ത, പഴയ തലമുറയില്‍ പെട്ടവര്‍, സ്നേഹം മാത്രം കൈമുതലായി ഉണ്ടായിരുന്നവര്‍ - ആദ്യം പറഞ്ഞവര്‍ രണ്ടാമത്തെ കൂട്ടരില്‍ നിന്നും ഒരുപാട് മനസ്സിലാക്കാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നി.
ഇതൊക്കെ എഴുതുമ്പോഴും, അമ്മുത്തായ് അമ്മൂമ്മയുടെ രൂപവും, ചിരിച്ചുകൊണ്ടുള്ള ആ മുഖവും മനസ്സില്‍ നിറഞ്ഞിരിക്കുന്നു.
- - -
* മൂത്താരൂട്ടി = മൂത്ത നായര്‍ കുട്ടി എന്ന ബഹുമാനസൂചകമായ ഒരു പഴയ പാലക്കാടന്‍ ഉള്‍നാടന്‍ പ്രയോഗം. മൂത്താര് = മൂത്ത നായര്‍.
**കണ്യാര്‍കളി = പാലക്കാട്ട് ജില്ലയില്‍ പല ദേശങ്ങളിലും വര്‍ഷംതോറും നടത്തിവരുന്ന പുരാതനമായ ഒരു അനുഷ്ഠാനക്ഷേത്രകല.



.
അദ്ധ്യായം 19 - നരസിംഹമൂര്‍ത്തി അമ്പലo


.
.
ഭക്തപ്രഹ്ലാദൻറെ കഥയുമായി ബന്ധപ്പെട്ടതത്രേ നരസിംഹാവതാരം. പിതാവ് ഹിരണ്യകശിപൂ, മകന്‍ നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. "ഹിരണ്യനാട്ടില്‍ ഹിരണ്യായ നമ:" എന്നത് ശരിയല്ലെന്നും, നാരായണമന്ത്രമാണ് വേണ്ടതെന്നും പ്രഹ്ലാദന്‍ പറയുന്നു. നിൻറെ നാരായണന്‍ എവിടെ ഉണ്ട്, കാണിച്ചുതാ എന്ന് ഹിരണ്യകശിപൂ പറഞ്ഞതിന്, എവിടെയും ഭഗവാന്‍ നിറഞ്ഞുനില്ക്കുന്നു എന്ന് മറുപടി! തൊട്ടടുത്ത ഒരു തൂണ് കാണിച്ച്, "ഇതിനകത്തും?" എന്ന് ആക്രോശിച്ചതിനും, "ഉവ്വ്" എന്നായിരുന്നു ഉത്തരം. അരിശംകൊണ്ട് ഉറഞ്ഞുതുള്ളിയ ഹിരണ്യകശിപൂ തൂണ് തകര്‍ക്കുമ്പോള്‍, അതിനകത്തുനിന്നും മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരം - നരസിംഹം പ്രത്യക്ഷപ്പെട്ടു, ഹിരണ്യകശിപൂവിനെ വധിച്ചു എന്ന് കഥ. ഹിരണ്യകശിപൂ ഒരു വരം നേടിയിരുന്നു - താന്‍ വധിക്കപ്പെടുകയാണെങ്കില്‍ അകത്തോ, പുറത്തോവെച്ചാവരുത്, പകലോ, രാത്രിയോ ആകരുത്, മനുഷ്യനാലോ മൃഗത്താലോ ആകരുത് എന്നൊക്കെ. ആയതിനാല്‍ ഉമ്മറപ്പടിയില്‍വെച്ച്, സന്ധ്യാസമയത്ത്, സിംഹത്തലയുള്ള നരൻറെ രൂപത്തില്‍ വന്ന ഭഗവാനാല്‍ കൊല്ലപ്പെട്ടു!

എനിക്ക് തോന്നുന്നു, നിര്‍ഭാഗ്യവശാല്‍, എൻറെ ദേശത്തിലെ പുതിയ തലമുറയിയില്പെട്ടവര്‍ക്ക് കഥകളി, ഓട്ടന്തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം മുതലായ കേരളത്തിന്റെ അഭിമാനമായ കലകളെക്കുറിച്ച് അധികമായി അറിയാന്‍ ഇടയില്ല എന്ന്. ഇതെല്ലാം ഒരുകാലത്ത് നരസിംഹമൂര്‍ത്തി അമ്പലത്തിലെ ഉത്സവദിനങ്ങളില്‍ പതിവുണ്ടായിരുന്നു.

എൻറെ കുട്ടിക്കാലത്ത്, പതിവായി വരാറുള്ള ഈ ആര്‍ട്സ് ഗ്രൂപിലെ ആശാനെ, ഒരു മലയാളം സിനിമയില്‍ കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. "ഒള്ളത് മതി" എന്ന പഴയ സിനിമയില്‍ ഒരു ഓട്ടന്തുള്ളല്‍ രംഗം ഉണ്ട്. അതില്‍ പിന്പാട്ടുകാരായ രണ്ടുപേരില്‍ ഒരാള്‍ ഈ ആശാന്‍ ആയിരുന്നു. പുള്ളിക്കാരന് ഇടയ്ക്കു ചെറുതായ ഒരു 'ഗോഷ്ടി' മുഖത്ത് പ്രകടമാകാറുണ്ട്‌ - ഗുല്ഗുലു തിക്തം കഴിച്ച ശേഷമുള്ള ഒരു ഭാവ വ്യത്യാസം. അത് സിനിമയിലും അതേപോലെ കണ്ടപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. "ഹോ, എന്തൊരു കയ്പ്പ്" - ഒരു വിരുതന്‍ തട്ടിവിട്ടു.

ഓട്ടന്തുള്ളല്‍, ഉച്ചക്ക് ശേഷം ആയിരിക്കും. വീട്ടില്‍ നിന്നും സമ്മതം വാങ്ങി, കൂട്ടുകാരുമൊത്തു ഞാന്‍ പോകും. തുള്ളല്‍ കുറെ നേരം കാണും. സ്ഥിരമായി രണ്ടു തുള്ളല്‍ കലാകാരന്മാര്‍ - രണ്ടുപേരും മാറി മാറി തുള്ളല്‍ അവതരിപ്പിക്കും. അതില്‍ ഒരാള്‍ക്ക്‌ അല്പം മുടന്തുണ്ടായിരുന്നു. അങ്ങേര്‍ തുള്ളല്‍ അവതരിപ്പിക്കുന്ന ദിവസം പല കൂട്ടുകാര്‍ക്കും വലിയ താല്‍പ്പര്യം കാണില്ല. അപ്പോള്‍ പുറത്തുകടന്നു, പല കളികളില്‍ ഏര്‍പ്പെടും. അമ്പലക്കുളത്തിന് ചുറ്റുമുള്ള അരമതിലിന്റെ വീതി കുറഞ്ഞ മുകള്‍ഭാഗത്തുകൂടി, വള്ളിട്രൌസര്‍ മാത്രം ഇട്ടുകൊണ്ട്‌ സര്‍ക്കസുകാരന്‍ പയ്യനെപ്പോലെ, മറ്റുള്ള കുസൃതിക്കുടുക്കകളുടെകൂടെയുള്ള ആ നടത്തം - അങ്ങനെയും ഒരു കാലം!

ഓട്ടന്തുള്ളല്‍ കഥകള്‍ പലതും അന്നുകാലതുതന്നെ കേട്ടാല്‍ അറിയാമായിരുന്നു. പലതും അറിഞ്ഞു എന്ന് വരില്ല. എന്നാല്‍, മറ്റുള്ളവരുടെ സംസാരത്തില്‍നിന്ന് മനസ്സിലാക്കാന്പറ്റും - ഇത് രുക്മണീ സ്വയംവരം, ഇത് കല്യാണ സൌഗന്ധികം, ദമയന്തീ സ്വയംവരം എന്നിങ്ങനെ. വീട്ടില്‍ വന്നശേഷം ആരെങ്കിലും മുതിര്‍ന്നവര്‍ എന്തായിരുന്നു കഥ എന്ന് ചോദിച്ചാല്‍ പറയാന്‍ സിമ്പിള്‍ - പിന്നെ? എനിക്ക് കേട്ടാല്‍ മനസ്സിലാകാത്തത് ആണോ എന്ന ഗമ. എവിടെ? പലതും കണ്ടിട്ടേ ഉണ്ടാവില്ല, കേട്ടിട്ടേ ഉണ്ടാവില്ല - മുകളില്‍ പറഞ്ഞ കളിനിനവില്‍! എപ്പടി?

വൈകുന്നേരങ്ങളില്‍, ഒന്നുകില്‍ കുറത്തിയാട്ടം ഉണ്ടാകും, അല്ലെങ്കില്‍ മോഹിനിയാട്ടം. കുറത്തിയാട്ടത്തില്‍, കുറത്തികള്‍ ആടിയതിനുശേഷം കുറവന്റെ വരവായിരിക്കും. ചിലപ്പോള്‍, കുറവനു പകരം മുത്തശ്ശി വരും. അന്നത്തെ രണ്ടു കുറത്തികളില്‍ ഒരു ‘കുറത്തി’ അതീവസുന്ദരി ആയിരുന്നു (ഇന്നവള്‍ മുത്തശ്ശിയോ, മുതുമുത്തശ്ശിയോ ആയി എവിടെയെങ്കിലും ഉണ്ടാകും!) പറഞ്ഞുവന്നത്, ആ ദിവസം കാണികള്‍ നിറഞ്ഞു കവിയും! ഉള്ള കാര്യം എഴുതിയതാണേ, വേറൊന്നും വിചാരിക്കല്ലേ.

ഈ നരസിംഹമൂര്‍ത്തി അമ്പലവും അതിനോട് തൊട്ടുള്ള ശിവന്റെ അമ്പലവും തിരുവഴിയാട് ദേശക്കാര്‍ക്ക് ഇന്നും വളരെ പ്രധാനമത്രേ.





അദ്ധ്യായം 20 - മാല കുളത്തിൽ പെട്ടു. 
.
എസ്. എസ്. എൽ. സി. പരീക്ഷക്കുമുമ്പായുള്ള സ്റ്റഡിലീവ്. ഞാൻ ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീല്ഡ് പഠിച്ചുകൊണ്ടിരിക്കുന്നു.
താഴെ എന്തോ ഒരു ബഹളം. പെട്ടെന്ന് പുസ്തകം അടച്ചുവെച്ചു, ധൃതിയിൽ കോണിപ്പടി ഇറങ്ങി ബഹളം കേട്ട ഭാഗത്തേക്ക് കുതിച്ചു. കുളത്തിനരികെ നിന്ന് തറവാട്ടിലെ കുട്ടികളും, അമ്മയും കരയുന്നു, നിലവിളിക്കുന്നു!
ഞാൻ ഒന്നേ നോക്കിയുള്ളൂ - കുളത്തിന്റെ ഏകദേശം നടുവിലായി മൂന്നു വയസ്സുള്ള എന്റെ അനിയത്തി ചെറുതായി കൈകാലുകൾ ഇട്ടടിച്ചു പായലുകൾക്കു മുകളിൽ കിടക്കുന്നു. ഞാൻ ഒരു ചാട്ടം. കാലുകൾകൊണ്ട് തുഴഞ്ഞ്‌ കൈകളിൽ കുട്ടിയുമായി നിമിഷത്തിനുള്ളിൽ വെള്ളത്തിൽനിന്ന് കയറി!
കുട്ടി വെള്ളം ഒരുപാട് കുടിച്ചിട്ടുണ്ട്. ആരോ അവളെ എൻറെ കൈകളിൽനിന്ന് വാങ്ങി. ഇതിനകം, വേറെ ആരൊക്കെയോ ഉമ്മറത്തെ വീട്ടിലെ വണ്ടിക്കാരൻ വേലായുധൻറെ വണ്ടിയിൽ നിന്ന് ഒരു ചക്രം അഴിച്ചുകൊണ്ടു വന്ന്, കുട്ടിയെ അതിൽ കമഴ്ത്തിക്കിടത്തി, പുറത്ത് തട്ടി, ചെറുതായി, കറക്കി. വെള്ളം മുഴുവൻ ഛര്‍ദ്ദിച്ചു പോയി. അപകടനില തരണം ചെയ്തു.
ഇതൊരു വിശദീകരിക്കാനാവാത്ത സംഭവമായി എനിക്ക് തോന്നി. കാരണം, അന്ന് എനിക്ക് നീന്തൽ ശരിക്ക് അറിയില്ലായിരുന്നു! (സന്ദർഭവശാൽ അഭിമാനത്തോടെ പറയട്ടെ - എന്റെ മരുമകൻ [എന്റെ മൂത്ത മോളുടെ ഭർത്താവ്] സ്വിമ്മിങ്ങിൽ നാഷണൽ ചാമ്പ്യൻ ആയിരുന്നു.) അനിയത്തിയോടുള്ള സ്നേഹം, ആവേശം, ഞാൻ അറിയാതെ എന്നെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു - ദൈവാധീനത്തോടെ എന്ന് പറയാതെ വയ്യ.
ഇന്ന്, എൻറെ ആ അനിയത്തിയുടെ വയസ്സ്.... അർദ്ധ ശതാബ്ദി കഴിഞ്ഞു; വെല്ലിംഗ്ട്ടനിൽ, ഒരു സ്റ്റാർ ഹോട്ടലിൽ ഉദ്യോഗസ്ഥനായ, കുടുംബസ്ഥനായ മോനുണ്ട്‌.
ഇനി ഈ അദ്ധ്യായത്തിന്റെ പേരിനെക്കുറിച്ച്: എൻറെ അമ്മാവൻറെ മകൻ കാശേട്ട (ബാല സുബ്രഹ്മണ്യൻ) അമ്മായിയോട് പറഞ്ഞത്രേ:
''ചിന്നു അച്ചേമടെ (അച്ഛൻ പെങ്ങൾ) മാല കൊളത്തിൽ പെട്ടു.''
''ന്ന്ട്ടോ, മാല പോയി, ല്ലെ?'''
''അല്ല, ക ഴു ത്ത് ലെ മാല അല്ല, മക്ള് രത്നമാല.... രക്ഷപ്പെട്ടു.''
ഇപ്പോൾ, ആ കുളം ഇല്ല, നികത്തി. തറവാട് പൊളിച്ചു. എന്നെങ്കിലും ബന്ധുക്കളെ കാണാൻ പോകുമ്പോൾ, ഞാൻ അവിടെ കുറേനേരം നില്ക്കും - ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ - പഴയ സംഭവങ്ങൾ അയവിറക്കിക്കൊണ്ട് - ഞാൻ ജനിച്ചു വളർന്ന തറവാടും, പരിസരവും.... പഴയ ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചലച്ചിത്രത്തിൽ എന്നപോലെ..... ഒരിക്കലും തിരിച്ചുവരാത്ത ബാല്യം, കൌമാരം....



.
അദ്ധ്യായം 21 - ചലച്ചിത്രങ്ങൾ

തിരുവഴിയാട്ടുകാർക്ക് അയിലൂരും നെന്മാറയും നിത്യജീവിതത്തിന്റെ ഭാഗങ്ങളാണെന്നുതന്നെ പറയാം. 
അയിലൂർ ഹൈസ്കൂളിന്റെ തൊട്ടടുത്ത വായനശാലയിൽനിന്ന് ഒരുപാടു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. 

ഞാൻ വായിച്ച പുസ്തകങ്ങളെക്കുറിച്ച് രണ്ടു ഡസനിൽക്കൂടുതൽ ബ്ലോഗുകൾ ഞാൻ എഴുതിക്കഴിഞ്ഞു. അതുപോലെ, കണ്ട സിനിമകളെക്കുറിച്ചു എഴുതാൻ തുനിഞ്ഞാൽ.... എത്രയെത്ര സിനിമകൾ... മലയാളത്തിലും തമിഴിലും. സന്ദർഭവശാൽ എഴുതാമെന്നല്ലാതെ... വിസ്തരഭയത്താൽ അതിനു മുതിരുന്നില്ല. ഈ ചലച്ചിത്രങ്ങൾ, വായിച്ച പുസ്തകങ്ങൾ.... എല്ലാം എല്ലാം എന്നെ നല്ലനിലയ്ക്കുതന്നെ സ്വാധീനിച്ചിട്ടുണ്ട്. 

.
പ്രിയ -

കട്ടച്ചിറ വിനോദ് എന്ന മുഖപുസ്തക സുഹൃത്ത് ചോദ്യം ഇടുന്നു:
ഹിന്ദി ഗായകൻ മഹേന്ദ്ര കപൂർ പാടിയ മലയാളം പാട്ട് ഏതു ചിത്രത്തിലേതാണ്?

കണ്ടതും ഞാൻ ഉത്തരമിട്ടു: പ്രിയ. ഗാനം - ബോംബെ, ബോംബെ.....
എങ്ങനെ മറക്കും? വര്ഷങ്ങൾക്ക് മുമ്പ് കണ്ടതെങ്കിലും മനസ്സിൽ മായാതെ കിടക്കുന്ന ചിത്രം. മറക്കാത്ത കഥ (സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ). സംവിധായകനും നടനും മധു. ലില്ലി ചക്രവർത്തി എന്ന ബംഗാളി നായിക. തുളസി എന്ന അമ്പലവാസി യുവതി സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു ബോംബെയിലെത്തി പ്രിയ ആയി മാറുന്നു. അടൂർ ഭാസിക്ക് വ്യത്യസ്തമായ സഹനടന്റെ റോൾ. ബഹദൂർ പഞ്ചാബി സ്ത്രീയെ കല്യാണം കഴിച്ച കുട്ടൻ സിംഗ്! ശങ്കരാടി ബാനെർജി......

നിഷ്കളങ്കയായ പ്രിയ എന്നെ വല്ലാതെ ആകർഷിച്ചു. ''പി'' എന്ന എൻറെ പേരിൽ തുടങ്ങുന്ന എന്ത് പേരു വേണം എൻറെ മോൾക്ക്‌? ഞാൻ ഒട്ടും ആലോചിച്ചില്ല - പ്രിയ. ഇന്നവൾ രണ്ടു മക്കളുടെ അമ്മയാണ്. 

.
ഒരു ''സില്മ''ക്ക് പോക്ക്!'' -

ഒരു മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ്....
ബോംബെയിൽ നിന്ന് നാട്ടിൽ ലീവിലെത്തിയ സമയം. സൌദാംബികയിൽ ''നെല്ല്''! കണ്ടേ പറ്റൂ. പി. വത്സലയുടെ പ്രശസ്തമായ നോവൽ കുങ്കുമത്തിൽ വായിച്ചിരുന്നു. കഥ എഴുതുന്ന നായകൻ, തിരുനെല്ലിയുടെ പശ്ചാത്തലം. 

തറവാട്ടിലെ, മേമ (ചെറിയമ്മ)യുടെ മകൻ ബാലേട്ട മുൻമുൻകൈ എടുത്തു. ''ആരൊക്കെയാ സില്മക്ക് വര്ണത്?'' ഞാൻ രണ്ടനിയത്തിമാരെയും വിളിച്ചു. അമ്മ പറഞ്ഞു –

''ജാനകിക്കുട്ടിയെക്കൂടി (അമ്മാമയുടെ മകൾ) വിളിക്ക്..''

''ഞാൻ വിളിക്കണോ? അവരും (അനിയത്തിമാർ) ഉണ്ടല്ലോ. വന്നോട്ടെ.''
സിനിമ വളരെ നന്നായിരുന്നു. കാമാസക്തയായ കഥാപാത്രം (കനകദുർഗ്ഗ/ദേവിയുടെ റോൾ) കാമുകന്റെ (മോഹൻ) മേൽ പടർന്നുകയറുമ്പോൾ വേണ്ടപ്പെട്ട പെണ്‍കുട്ടികളുടെ ഇടയിൽ ഇരുന്നു കാണാൻ ഒരു വല്ലായ്മ തോന്നി.

സിനിമ കണ്ടു. വീട്ടിൽ തിരിച്ചെത്തിയ ശേഷം, ബാലേട്ട ചിരിച്ചുകൊണ്ട് അച്ഛനോട് പറഞ്ഞു:

ശങ്കരാടി ഒരു പാടവരമ്പിന്റെ കടമ്പ ക ട ക്ക് ണ് ണ്ട് - മുണ്ട് മടക്കിക്കുത്തുമ്പോ കോണകത്തിന്റെ വാൽ കാണിച്ചോണ്ട്! അങ്ങന്നെ വല്യേച്ചെ (എന്റെ അച്ഛൻ) പോലേന്നെ. ഹ ഹ
അച്ഛനും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.


ഇന്നും ചിലപ്പോൾ എൻറെ വാമഭാഗം* പറയാറുണ്ട്‌, ''ഞാൻ കല്യാണത്തിനു മുമ്പ് നിങ്ങള്ടെ കൂടെ ഒരു സില്മക്ക് വന്ന്വോല്ലോ - നെല്ല്!''


അദ്ധ്യായം 22 - കണ്യാര്‍കളി
    

( കണ്യാര്‍കളി 2016 - തിരുവഴിയാട്. കൂട്ടച്ചക്കിലിയര്‍ എന്ന ഐറ്റത്തില്‍ ചക്കിലിയര്‍ [രാജാപ്പാർട്ട് വേഷത്തില്‍]  നടുക്ക് ലേഖകന്‍. )

കണ്യാര്‍കളി, അതായത് മലമക്കളി, നായര്‍സമുദായത്തിൽപ്പെട്ടവര്‍ പങ്കെടുത്തു  നടത്തുന്നതാണെങ്കിലും, അത് തിരുവഴിയാട്ടിലെ ഇതരസമുദായത്തിൽപ്പെട്ടവരുമായുള്ള പണ്ടുകാലം മുതല്ക്കേയുള്ള സ്നേഹബന്ധത്തെയും സഹകരണമനോഭാവത്തെയും ആണ് എടുത്തുകാട്ടുന്നത്. കാരണം, മലയാളത്തിലും, തമിഴിലും, തമിഴ്-മലയാളത്തിലും എല്ലാമായി പല സമുദായത്തിൽപ്പെട്ടവരെ/പല തൊഴിലുകളില്‍പ്പെട്ടവരെ നർമ്മരസത്തോടെ ഇതില്‍ ചിത്രീകരിക്കുകയാണ്. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യങ്ങള്‍ക്കും നിരുപദ്രവപരമായി പ്രാധാന്യം കൊടുക്കുന്നു. ആര്‍ക്കും അതിലൊന്നും പരാതികള്‍ ഇല്ലെന്നു മാത്രമല്ല, അവര്‍ അതു  കാണാനും കേള്‍ക്കാനും ആകാംക്ഷ പ്രകടിപ്പിക്കുന്നു എന്നും പറയുമ്പോള്‍ എന്തു  തോന്നുന്നു? വിശ്വാസം വരുന്നില്ലെങ്കില്‍, എന്റെ ദേശക്കാരോട് ആരോടെങ്കിലും ചോദിച്ചുനോക്കുക - ഇതുമായി ബന്ധപ്പെട്ട്  എന്നെങ്കിലും വല്ല പരാതികളും ഉണ്ടായിട്ടുണ്ടോ എന്ന്. ഇനി, തുടര്‍ന്ന് വായിക്കുക.

സ്വാമി വിവേകാനന്ദന്‍, കേരളത്തെ 'ഭ്രാന്താലയം' എന്നു  വിളിച്ചില്ലേ? സ്വാമിജീ, താങ്കള്‍ക്കു തെറ്റിപ്പോയി - അഥവാ താങ്കള്‍ അത് പറയാന്‍ അല്പം  ധൃതി കാണിച്ചു. കാരണം, എന്റെ ദേശത്തും അയല്‍ദേശങ്ങളിലും വരാനും ഇതൊക്കെ കാണാനും, മനസ്സിലാക്കാനും താങ്കള്‍ക്കു  സാധിച്ചിരുന്നുവെങ്കില്‍, മലയാളികള്‍ക്കൊക്കെ മോശം വരുത്തിവെച്ച ആ ഒരു അഭിപ്രായം അങ്ങ് പറയുകയില്ലായിരുന്നു! ആ പറഞ്ഞത് ഖേദകരമായിപ്പോയി എന്നല്ലാതെ എന്തു  പറയാന്‍?

വര്‍ഷങ്ങള്‍ - അല്ല പതിറ്റാണ്ടുകള്‍ കൊഴിഞ്ഞുവീണു. എന്നിട്ടും ഇന്നെന്നപോലെ ഞാന്‍ ഓര്‍ക്കുന്നു: ചെറുമിത്തരുണികള്‍ പാതയുടെ ഓരംചേര്‍ന്ന്, എന്റെ മുത്തച്ഛന്റെ തറവാട്ടില്പെട്ട  നാലുകെട്ടിന്റെ പടിപ്പുരയുടെ മുമ്പിലായി, ആകാംക്ഷയോടെ കാത്തുനില്‍ക്കുമായിരുന്നു. എന്തിനെന്നോ? ചെറുമിക്കുട്ടികളുടെ വേഷംകെട്ടിയ കുമാരന്മാരെ ഒരു നോക്കു  കാണാന്‍ - അന്നത്തെ കാളിയും നീലിയും (യഥാക്രമം, മാലങ്കോട്ടെ പ്രേമന്‍ - ഈയുള്ളവന്‍ & പാതിയാട്ടെ ഗോപി). 'ഒറിജിനല്‍' ചെറുമികളുടെ നോട്ടവും, കമന്റ്സും കേട്ട്, കാളി എന്ന ചെറുമിപ്പെണ്കിടാവിനു നാണംവന്നിരുന്നുട്ടോ! യാന്ത്രികമായി സ്ത്രൈണ ഭാവങ്ങള്‍ കൈവന്ന പോലെ! കൂട്ടുകാര്‍ക്ക് അവരുടെ അപ്പോഴത്തെ 'കൂട്ടുകാരി'യുടെ അടുത്തുനിന്നു മാറാന്‍ മടി! എന്തൊരു സ്നേഹം - ഇങ്ങനെയുമുണ്ടോ ലോകം.

ദേശത്തിന്റെ ദേവതയായ കോഴിക്കാട്ടു ഭഗവതിയുടെ പ്രീതിക്കായിട്ടാണ് വര്‍ഷത്തില്‍ ഒരിക്കല്‍ (സാധാരണനിലക്ക് മെയ്‌ മാസത്തില്‍) മൂന്നു രാത്രികളിലായി കണ്യാര്‍കളി നടത്തിവരുന്നത്. വൈകുന്നേരങ്ങളില്‍ കണ്യാര്‍കളിയുടെ അറിയിപ്പായി 'കേളികൊട്ട്' ഉണ്ടാകും. കേളികൊട്ടിനും കളിക്കും, യശ:ശ്ശരീരനായ ചെണ്ട/ഇടക്ക വിദഗ്ദന്‍ പല്ലാവൂര്‍ അപ്പു മാരാരുടെ സാന്നിധ്യം പതിവായി ഉണ്ടായിരുന്നു.

കോഴിക്കാട്ടു ഭഗവതിയുടെ മന്ദത്തിനോട് ചേര്‍ന്ന് ഇടുന്ന പന്തലില്‍ കണ്യാര്‍കളി നടത്തിവരുന്നു. പന്തല്‍ വാകപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഒരു പ്രധാന ആശാനും, സഹായികളും വാദ്യമേളങ്ങളോടെ പന്തലിനു നടുക്ക് ഇരിക്കും. കലാകാരന്മാര്‍ വട്ടത്തില്‍ നീങ്ങി പാടി കളിക്കും. പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. പുരുഷന്മാര്‍ സ്ത്രീ വേഷവും കെട്ടുന്നു.

നൃത്തത്തിന്റെ ചുവടുകൾ  പ്രധാനപ്പെട്ടതാണ്. ഇതിന്റെ അഭ്യാസം (rehaersal) രണ്ടാഴ്ചകള്‍ക്ക് മുമ്പ് വേറൊരു സ്ഥലത്തുവെച്ചു നടത്തും. ഇതിനെ ഇടക്കളി എന്നാണു പറയുന്നത്. പാട്ടും അതിനനുസരിച്ച് ഇലത്താളവും മുറുകുമ്പോള്‍ പല രീതികളില്‍ ഓരോരുത്തരെയും ചുറ്റി വരുന്നത് (ആട്ടിവട്ടം) വളരെ ശ്രമകരമായ ജോലി ആണ്. ഒട്ടും തെറ്റിക്കാതെയുള്ള ആ രംഗങ്ങളും, പാട്ടും കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും ഒരുപോലെ ഉത്സവലഹരി നല്‍കുന്നു. വളരെ വര്‍ഷങ്ങളായി ഞാന്‍ പങ്കെടുക്കാറില്ലെങ്കിലും, ഇന്നും ആ നൃത്തത്തിന്റെ ചുവടുകൾ  ഒന്നും ഞാന്‍ ഒട്ടും മറന്നിട്ടില്ല. ഇനി കളിക്കുകയാണെങ്കില്‍ തന്നെ, സാധാരണ നിലക്ക് അഭ്യാസത്തിന്റെ ആവശ്യവും ഇല്ല.

"ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷനുള്ള കാലം"

കണ്യാര്‍കളിയിലെ ചില പ്രധാനപ്പെട്ട വേഷങ്ങള്‍ താഴെ കൊടുക്കുന്നു:

മലയര്‍, ഒറ്റമാപ്പിള, മണ്ണാത്തി - മണ്ണാന്‍, കുറത്തി - കുറവന്‍, കൂട്ട ചക്കിലിയര്‍, മുടുകര്‍, തൊട്ടിച്ചി - തൊട്ടിയന്‍, പൂക്കാരി - കള്ളന്‍, ചെറുമി - ചെറമന്‍ , പാമ്പാട്ടി - സാ യ്‌ വ് (മുസ്ലിം കഥാപാത്രം), കൂട്ട കുറവര്‍, വേട്ടുവ കണക്കര്‍, കൂട്ട പൂശാരി, കൂടാന്‍, വൈഷ്ണവര്‍, കൂട്ട ചെറമക്കള്‍, ചുണ്ണാമ്പുക്കാരന്‍, കൂട്ട തൊട്ടിയര്‍ ‍ - ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഞാന്‍ ഇവിടെ കണ്യാര്‍കളിയെപ്പറ്റിയുള്ള ഒരു വിശദമായ വിവരണത്തിന് തുനിയുന്നില്ല. എങ്കിലും, അടുത്ത ഭാഗത്തില്‍ കുറച്ചുകൂടി എഴുതാനുണ്ട്.


അദ്ധ്യായം 23 - വേഷങ്ങള്‍



ദേശദേവതയായ കോഴിക്കാട്ടുഭഗവതിയുടെ പ്രീതിക്കായി വര്‍ഷംതോറും നടത്തിവരാറുള്ള കണ്യാര്‍കളിയെപ്പറ്റി ഇവിടെ വിശദമായി പ്രതിപാദിക്കുന്നില്ല. എങ്കിലും, വായനക്കാര്‍ക്ക് ഒരു ഏകദേശരൂപമെങ്കിലും തരാനാണ് ഉദ്ദേശ്യം. ജാതിമതഭേദമെന്യേ, എല്ലാ വിഭാഗങ്ങളിലും, പരന്പരാഗതമായുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടവരിലും ഉള്ള നല്ല വശങ്ങള്‍ എടുത്തു കാണിക്കുകയും അല്ലാത്തവയെ ആര്‍ക്കും വിരോധം തോന്നാത്ത വിധത്തില്‍ ആക്ഷേപിക്കുകയുമാണ് കണ്യാര്‍കളിയില്‍. ഉദാഹരണത്തിന്, അടുത്തകാലത്തുവരെ, 'മേല്ജാതിക്കാര്‍' എന്ന് പറയപ്പെടുന്നവരില്‍ നിന്നും അവരെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ സരസമായി എന്നാല്‍ കുറിക്കു കൊള്ളും വിധത്തില്‍ ആ 'മേല്‍ജാതി'യില്‍ പെട്ടവര്‍ തന്നെ അവതരിപ്പിക്കുന്നു എന്ന് പറയുമ്പോഴോ? ഇത് എഴുതിയപ്പോള്‍, എനിക്കോര്‍മമ വന്നത്, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവചരിത്രം സിനിമയാക്കി (ഗാന്ധി) ലോകത്തിനു കാട്ടിക്കൊടുത്ത വിദേശിയെ ആണ്.


മൂന്നു ദിവസങ്ങളിലും, കണ്യാർകളി തുടങ്ങുന്നതും അവസാനിക്കുന്നതും ''വട്ടക്കളി''യിൽ ആണ്.  ഇതിനു പല ''വട്ടങ്ങൾ'' (പാട്ടും ചുവടുവെപ്പും അടങ്ങിയത്)   ഉണ്ട്. വട്ടക്കളിയിൽ പ്രായഭേദമെന്യേ പുരുഷന്മാർ/ആണ്‍കുട്ടികൾ തലയിൽ ഒരു കെട്ടു കെട്ടി, മുണ്ടുമാത്രം ഉടുത്തു (ദേഹത്ത് ഒന്നുമില്ലാതെ) ചുവടു വെക്കുന്നു.  വട്ടക്കളിയുടെ 'കലാശങ്ങൾ'' കണ്യാർകളിയിലെ വേഷങ്ങളുടെതിൽനിന്ന് വിഭിന്നമാണ്.  വട്ടക്കളി, ഭഗവതിയുടെ കളി എന്നാണ്  വിളിക്കപ്പെടുന്നത്.  കളി ഭഗവതിയുടെ മന്ദത്തുനിന്നു ആരംഭിച്ചു പന്തലിൽ എത്തും.   കണ്യാർകളിയിലെ വേഷങ്ങളിൽ പങ്കെടുക്കാത്തവർപോലും തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി    ഭഗവതിയുടെ പ്രീതി നേടാൻ ശ്രമിക്കുന്നു. 

ഒരു കഥ ഉള്‍പ്പെടുത്തിക്കൊണ്ട്, പാട്ടും, പിന്പാട്ടും, അതിനനുസരിച്ച് ചുവടുവെപ്പുകളും, വാണാക്കും (ചോദ്യോത്തരങ്ങള്‍ - വളരെ സരസമായ രീതിയില്‍) കണ്യാര്‍കളിയുടെ പ്രത്യേകതകളാണ്. പ്രധാനപ്പെട്ട വേഷങ്ങള്‍ കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞുവല്ലോ. ഏതാനും ചില വേഷങ്ങളും, അതിലെ പാട്ടുകളിലുള്ള ചില വരികളും താഴെ കൊടുക്കുന്നു.

കുറത്തി ആടിപ്പാടി വരുന്നു:
ശ്രീരാമ ലക്ഷ്മണന്‍ സീതാ
എന്നീ മൂവരൊരുമിച്ചു കൂടീ
പഞ്ചവടി എന്ന ദിക്കില്‍
ഒരു പര്ണശാലയും ചമച്ചു
വില്ലെടുത്തു രാമന്‍ കാട്ടില്‍
വെട്ടയാടുവാന്‍ പോയൊരു നേരം
സുന്ദരിയായൊരു പെണ്ണ്
വന്നു രാമന്റെ മുമ്പിലും ചെന്നു
മോഹമെനിക്കുണ്ട് രാമാ
എന്നെ മാലയും വെക്കണം നീയ്

(
ശ്രീരാമന്‍, താന്‍ വിവാഹിതനാനെന്നും, വേണമെങ്കില്‍ അനിയനെ കണ്ടു ചോദിച്ചുനോക്കു എന്നും പറഞ്ഞുവിടുന്നു. രാമന് എന്നപോലെ, ലക്ഷ്മണനും ഒറ്റനോട്ടത്തില്താന്നെ, സുന്ദരി ചമഞ്ഞു മുന്നില്‍ നില്ക്കുന്ന അവള്‍ ശൂര്പ്പണകയാണെന്ന് മനസ്സിലായി, രാക്ഷസിയുടെ മൂക്കും, മലകള്പോലുള്ള മുലകളും അരിഞ്ഞുവീഴ്തുന്നു!)

തൃശ്ശൂര്‍ പൂരം കണ്ട വിവരം കുറത്തി പാട്ടിലൂടെ പറയുന്നത് നോക്കുക:


തൃശ്ശൂര് പൂരത്തിന് കണ്ടിട്ടുള്ള മഹിമ
എടുത്തു പാടുന്നുണ്ട് ഏണമായ പുതുമ
വന്പന്‍ വന്പന്‍ ആനകളെ വരിശയായ് നിറുത്തി
ആകാശ വെടികളും പൊട്ടി അങ്ങിനെ ചിതറി
കൊമ്പുകുഴല്‍ താളം മേളം വാദ്യങ്ങളും മുഴങ്ങി



ഒറ്റമാപ്പിള:

"കേ ള് വി കേട്ടൊരു തിരുവഴിയാട്ടില്‍

കൂളങ്ങാട്ടെന്നൊരു വീട്ടില്‍

കാവേരി അമ്മ പെറ്റു വളര്‍ത്തിയ

കൃഷ്ണന്‍കുട്ടി മാപ്പിള


തനി താനി താനി താനി
തനി താനി താനി താനി
തനി താനി താനി താനി തനി താനിന്നെ


ഉരുണ്ട തിണ്ണമേല്‍ പരന്ന പായി-
ട്ടോന്‍ കിടന്നിട്ടുറങ്ങുമ്പോള്‍
ഉണര്തല്ലേ കൊതു ഉണര്തല്ലേ കൊതു
പൊന്നാര കൊതുവല്ലേ
മാപ്പിളയുടെ പെണ്ണുകാണല്‍ വിശേഷം:
ചക്കയാണെങ്കില്‍ ആറു തിന്നും
ആറു തേങ്ങടെ പിണ്ടി തിന്നും
ഒരുകുടം തെളിത്തേനും കുടിക്കും പെണ്ണ്
അമ്മായിഅമ്മടെ മോന്ത കണ്ടാല്‍ പോരാനെ തോന്നൂ
ത തിക്രുതയ്‌
മണ്ണാത്തി (Washer Woman):ചാരമണ്ണും നീലൂം വാങ്ങാന്‍ കാശുമില്ലല്ലോ
പിന്നെ പാടറിഞ്ഞു കൂലി തരാന്‍ ആളുമില്ലല്ലോ
പൂക്കാരി:

പല്ലടം പഴയകോട്ടയ് ദിണ്ടിക്കല്ല് ധാരാപുരം
അങ്കെ എല്ലാം പൂവയ് വിറ്റു ഇന്ത ഊര് വന്തെനയ്യ
പൂവാങ്കലയെ ഊര് നടന്തു വിക്കലയെ
വലയെ പൂവാങ്കലയെ
കൂടാന്‍:

കന്നു പൂട്ടാന്‍ വിളിക്കുമ്പോള്‍ കാലില്‍ കുരുവാണേ
വിത്ത് എടുക്കാന്‍ വിളിക്കുമ്പോള്‍ തലയില്‍ കുരുവാണേ



അദ്ധ്യായം 23 - ഞാന്‍ ഈ ദേശത്തിന്റെ സന്തതി



തിരുവഴിയാട് ദേശത്തിലെ കണ്യാര്‍കളിയെപ്പറ്റി വിശദമായ ഒരു വിവരണം അല്ല; കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി പ്രസക്തമായ കാര്യങ്ങള്‍ മാത്രം പറയുകയായിരുന്നു. കളി അവസാനിപ്പിക്കുന്നത്, കോഴിക്കാട്ടിലെ "കതിര്‍ക്കൂട്ടക്കള"ത്തില്‍ ആണ് (അവിടത്തെ വേല ഉത്സവം). ഈ ഐറ്റം കോഴിക്കാട്ടു ഭഗവതിയുടെ മന്നത്തിന് മുമ്പില്‍ കളിക്കുന്നു - പന്തലില്‍ അല്ല. തുടര്‍ന്ന് വായിക്കുക (താഴെ കൊടുക്കുന്ന വരികള്‍ പാടുക):

♫♫ ആരിന്റെ ആരിന്‍റെ കതിര് വരവാണ്

കോഴിക്കാടി നല്ലമ്മന്റെ കതിര് വരവാണ്

കൂ കൂയ്, കൂ കൂയ്, കൂ കൂയ് …………….♫♫

(ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ദൃശ്യം കാണുകയുണ്ടായി: മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തിലെ മുത്തച്ഛന്‍ തന്റെ ചെറുമകനെ തോര്‍ത്ത്മുണ്ടുകൊണ്ട് തലയില്‍ ഒരു വട്ടക്കെട്ടും കെട്ടിക്കൊടുത്ത് മുകളില്‍ പറഞ്ഞ വരികള്‍ പാടി കളിപ്പിക്കുന്നു!)

നോക്കുക. ഇവിടെ നായന്മാര്‍ ചെറമക്കള്‍ ആയി കോഴിക്കാട്ട് ഭഗവതിയുടെ മുമ്പില്‍ അളവറ്റ ആനന്ദത്തോടെയും, ഭക്തിപാരവശ്യത്തോടെയും ആടിപ്പാടുന്നു. നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞിട്ടില്ലേ ഇവര്‍ (ചെറമക്കള്‍) ഹരിജന്‍സ് (ദൈവത്തിന്റെ മക്കള്‍) ആണെന്ന്? എന്നാല്‍ ബാപ്പുജീ, താങ്കള്‍ ഈ സന്ദേശം എല്ലാവര്ക്കും നല്‍കുമ്പോള്‍, ഞങ്ങള്‍ക്ക് (തിരുവഴിയാട് ദേശത്തിലെയും അയല്‍ ദേശങ്ങളിലേയും പൂ ര്‍ വി ക ര്‍ ക്ക്) അതിന്റെ ആവശ്യം ഇല്ലായിരുന്നു. കാരണം, അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് മനസ്സിലാക്കി അവര്‍ പെരുമാറിയിരുന്നു - ഈ വിധത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലും, പിന്നെ കണ്യാര്‍കളിയിലൂടെയും അവതരിപ്പിച്ചിരുന്നു! ഇന്നും അത് തുടരുന്നു! അതെ, ഞാന്‍ ഭാരതീയന്‍ ആണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്, മലയാളി ആണെന്ന് പറയുന്നതില്‍ പ്രത്യേകിച്ച്, ഈ ദേശത്തിന്റെ സന്തതി ആണെന്നതിലോ അതിലും അധികം. ഹാ! ഞാന്‍ വികാരഭാരിതനായി ഒരിക്കല്‍ കൂടി, ഈ പരമ്പരയുടെ ആദ്യഭാഗത്തില്‍ കൊടുത്ത പദ്യശകലവും, പാട്ടും ഒന്ന് ആവര്‍ത്തിക്കട്ടെ.

"ഭാരതമെന്ന പേര്‍കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍

(മഹാകവി വള്ളത്തോള്‍)

"മേരാ ജൂത്താ ഹേ ജാപാനി
യെഹ്പട്ലൂന്‍ഇന്ഗ്ലിഷ്സ്ഥാനി
സെര്പേ ലാല്‍ടോപി റൂസി
ഫിര്‍ഭി ദില്‍ഹേ ഹിന്ദുസ്ഥാനി"

[ പഴയ ഒരു രാജ് കപൂര്‍ സിനിമയിലെ (ശ്രീ 420) ഗാനം. ]
എന്റെ ചെരുപ്പുകള്‍ ജാപാനീസ്, പാന്റ്സ് ഇംഗ്ലീഷ്, തലയിലെ ചുവന്ന തൊപ്പി റഷ്യന്‍, എന്നാല്‍ എന്റെ ഹൃദയം ഭാരതീയന്‍ ആണ് എന്നര്‍ത്ഥം.

കുറെ മുമ്പ് തിരുവഴിയാട് ദേശത്തിന്റെ വെബ്സൈറ്റിലെക്കായി ഞാന്‍ ഇംഗ്ലീഷില്‍ ഒരു ലേഖനം തയ്യാറാക്കി അയച്ചു കൊടുത്തിരുന്നു. തിരുവഴിയാട് ദേശത്തിന്റെ മക്കള്‍ക്ക്‌ താഴെകൊടുക്കും വിധത്തിലുള്ള നല്ല വശങ്ങള്‍ ഉണ്ടെന്നു വാക്കുകളാല്‍ ഞാന്‍ നിര്‍വചിച്ചു, പഴഞ്ചൊല്ലുകള്‍ ഓര്‍ത്തുകൊണ്ട്‌ മുന്നോട്ടുപോകണമെന്ന് ഓര്‍മപ്പെടുത്തി. (അതുപോലെതന്നെ, കഴിഞ്ഞ വര്ഷം ശതാബ്ദി ആഘോഷിച്ച തിരുവഴിയാട് GUPSന്റെ SOUVENIRലേക്കായും ചെയ്തിരുന്നു - ലേഖനങ്ങള്‍ അടക്കം.)

T a c t i c s

H e a l t h

I m p a r t i a l i t y

R e l e v a n c y

U n a n i m i t y

V i g i l a n c e

A b i l i t y

Z e a l

H y g i e n e

I n t e l l i g e n c e

Y o u t h f u l n e s s

A l e r t n e s s

D e c e n c y

D e t e r m i n a t i o n

E a g e r n e s s

S a c r i f i c e

A c c u r a c y

M a g n a n i m i t y


പഴഞ്ചൊല്ലുകള്‍


Time and tide wait for none.

Health is wealth.

It is never too late to mend.

Rome was not built in a day.

Unity in diversity.

Vanity is the food of fools.

A tree is known by its fruit.

Zero is the beginning and end of everything.

He who hesitates never succeeds.

It is sure to be dark, if you shut your eyes.

Youth is a garland of roses, old age is a crown of thorns.

A friend in need is a friend indeed.

Do not cry over spilt milk.


Do not build castles in the air.

Every dark cloud has a silver lining.

Still waters run deep

A rolling stone gathers no moss.

Man proposes, God disposes.


- = o0o = -
ചിത്രങ്ങള്‍ക്ക് കടപ്പാട്:
തിരുവഴിയാട് ദേശം വെബ്സൈറ്റ്,  GUPS & ഗൂഗിള്‍.